കേരളം
മുല്ലപ്പെരിയാർ: ജലനിരപ്പ് ഉയർന്നു; രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. സ്പിൽവേയിലെ രണ്ട് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. നിലവിൽ 20 സെന്റീമീറ്റർ ഉയർത്തിയിരുന്ന ഷട്ടറും 60 സെന്റീമീറ്ററാക്കി കൂട്ടി.
കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം തമിഴ്നാടിന് നവംബർ 1 മുതൽ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിർത്താം. തുലാവർഷം കണക്കിലെടുത്ത് ജലനിരപ്പ് 139.5 അടി എത്തിക്കാൻ തമിഴ്നാട് ശ്രമിക്കുന്നില്ല.
അതേസമയം കേരളത്തിൽ ഇന്നും നാളെയും അതിശക്തമായ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമാണ്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്.