കേരളം
മുല്ലപ്പെരിയാർ നാലു ഷട്ടറുകൾ അടച്ചു; പുറത്തേക്കൊഴുകുന്ന വെള്ളത്തിൻറെ അളവ് കുറച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവേയിലെ നാലു ഷട്ടറുകൾ എട്ടരക്ക് തമിഴ്നാട് അടച്ചു. 90 സെൻറിമീറ്റർ വീതം തുറന്നു വച്ചിരുന്ന അഞ്ചു ഷട്ടറുകൾ അറുപത് സെൻറീമീറ്ററാക്കി കുറച്ചു. ഇതോടെ പെരിയാറിലേക്ക് ഒഴുകുന്ന വെള്ളത്തിൻറെ അളവ് സെക്കൻറിൽ 3960 ഘനയടിയായി കുറഞ്ഞു.
എട്ടര വരെ സെക്കൻറിൽ 7300 ഘനയടിയോളം വെള്ളമാണ് തുറന്നു വിട്ടിരുന്നത്. അഞ്ചു മുതൽ ആറു മണിവരെയുള്ള സമയത്താണ് ഷട്ടറുകൾ ഉയർത്തിയത്. അണക്കെട്ടിൻറെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിനും തമിഴ്നാട് അതിർത്തിയിലുള്ള അപ്പഡ മണലാർ ഭാഗത്തും പെയ്ത കനത്ത മഴയാണ് നീരൊഴുക്ക് വർദ്ധിക്കാൻ കാരണമായത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.66 അടിയായി.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് നടത്തിവന്ന 24 മണിക്കൂർ ഉപവാസം അവസാനിച്ചു. മുല്ലപ്പെരിയാർ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡീൻ കുര്യാക്കോസിന്‍റെ ഉപവാസം. ചെറുതോണിയിലാണ് 24 മണിക്കൂർ ഉപവസിച്ചത്. കേരളത്തിലെ ഭരണകൂടത്തിനുണ്ടായ തകർച്ചയാണ് മുല്ലപ്പെരിയാർ പ്രശ്നത്തിൽ കാര്യമായി ഇടപെടാൻ കഴിയാത്തതിന് കാരണമെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.
കേരളത്തിന്‍റെ ആവശ്യം അവഗണിച്ച് ഇന്നലെയും രാത്രിയില്‍ തമിഴ്നാട് സ്പിൽവേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. മഴ കുറവായിരുന്നതിനാൽ നാല് ഷട്ടറുകൾ മാത്രമാണ് ഉയർത്തിയത്. പുലർച്ചെ രണ്ടു മണിയോടെ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു. ജലനിരപ്പ് കൂടുതൽ സമയം 142 അടിയിൽ നിലനിർത്താൻ, തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെളളത്തിന്‍റെ അളവും കൂട്ടിയും കുറച്ചും പരീക്ഷണം തുടരുകയാണ്.