കേരളം
നിയമം ലംഘിച്ച ബസുകളെ പിടിക്കാന്‍ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
സംസ്ഥാനത്ത് നിയമം ലംഘിച്ച് ഓടുന്ന ബസുകളെ പിടികൂടാൻ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. നിയമം ലംഘിച്ച് ബസുകളിൽ മാറ്റം വരുത്തുന്ന വർക്ക് ഷോപ്പുകളിലും മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. സംസ്ഥാനമെങ്ങും ഗാരേജുകളിലും പരിശോധന നടത്തും.നിരത്തിലെ പരിശോധനക്ക് പിന്നാലെ കോൺട്രാക്റ്റ് ക്യാര്യേജ് ബസിൽ മാറ്റങ്ങൾ വരുത്തുന്ന വർക്ക്ഷോപ്പുകളിലും മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തി.
വാഹനത്തിൻ്റെ പുറം ബോഡിയിൽ അറകൾ ഉണ്ടാക്കി സ്പീക്കറുകൾ ഘടിപ്പിച്ചത് നീക്കം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. സംസ്ഥാനമെങ്ങും പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. അതേസമയം, പത്തനംതിട്ടയിൽ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ കൊമ്പൻ ടൂറിസ്റ്റ് ബസിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ബസിനുള്ളിൽ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നില്ല. വാഹനത്തിൽ സ്മോക്കർ കടുപ്പിച്ചിരുന്നതായും എംവിഡിയുടെ പരിശോധനയിൽ കണ്ടെത്തി.
കൊല്ലം പെരുമണ്‍ എഞ്ചിനീയറിങ് കോളേജിൽ ബസിന് മുകളിൽ കത്തിച്ച പൂത്തിരിയിൽ നിന്നും തീ പടര്‍ന്ന സംഭവം വലിയ വാര്‍ത്തയായതോടെയാണ് എംവിഡി വ്യാപകമായി പരിശോധന നടത്തുന്നത്. പത്തനംതിട്ടയിൽ നടത്തിയ പരിശോധനയിൽ കൊമ്പൻ ടൂറിസ്റ്റ് ബസുകളുടെ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സ്പീഡ് ഗവര്‍ണറോ, ജിപിഎസ് സംവിധാനമോ ഘടിപ്പിച്ചിരുന്നില്ല. വാഹനത്തിനുള്ളിൽ സ്മോക്കറുണ്ടായിരുന്നു.
നിയമവിരുദ്ധമായ പത്ത് കാര്യങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്. അനധികൃതമായി ഘടിപ്പിച്ച ഉപകരണങ്ങൾ മാറ്റിയെങ്കിൽ മാത്രമേ വാഹനം ഓടാൻ അനുമതി നൽകുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. കഴിഞ്ഞ ആഴ്ച്ച കൊമ്പൻ ബസുകളുടെ നിയമ ലംഘനത്തിന് മുപ്പത്തിയാറായിരം രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയിരുന്നു. വരും ദിവസങ്ങളിൽ മറ്റ് ടൂറിസ്റ്റ് ബസുകൾ നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് എംവിഡി വ്യക്തമാക്കി.