കേരളം
ഡെങ്കിപ്പനി വ്യാപകം: കൊതുകുജന്യരോഗം നിയന്ത്രിക്കാൻ ഒമ്പതു ജില്ലകളിൽ ആളില്ല
ഡെങ്കിപ്പനി പടരുമ്പോഴും കൊതുകുജന്യരോഗങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഉദ്യോഗസ്ഥ തസ്തികയിൽ ഒമ്പതുജില്ലകളിലും ആളില്ല. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ഡിസ്ട്രിക്ട് വെക്ടർ ബോൺ ഡിസീസ് കൺട്രോൾ (ഡി.വി.ബി.ഡി.സി.) ഓഫീസർമാരില്ലാത്തത്.
കൊതുകിന്റെ സാന്ദ്രതാപഠനം മുടങ്ങിയതോടെ പലയിടത്തും ഡെങ്കിപ്പനി വ്യാപകമായി. ഓരോ പ്രദേശത്തെയും കൊതുകിന്റെ സാന്ദ്രത പഠിച്ച് ഡി.വി.ബി.ഡി.സി. ഓഫീസർമാർക്കാണ് ആരോഗ്യപ്രവർത്തകർ റിപ്പോർട്ടു നൽകേണ്ടത്. ഇതു വിലയിരുത്തിയാണ് പ്രതിരോധ നടപടിയെടുക്കുക. എന്നാൽ, ഉദ്യോഗസ്ഥരില്ലാത്തതിനാൽ പ്രതിരോധം പാളി. അസിസ്റ്റന്റ് എന്റമോളജിസ്റ്റ്, ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകളിൽനിന്നു സ്ഥാനക്കയറ്റത്തിലൂടെ നിയമനം നടത്താൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, അസിസ്റ്റന്റ് എന്റമോളജിസ്റ്റുകളുടെ സീനിയോറിറ്റി തർക്കംമൂലം നടപടി നിർത്തി. ഇപ്പോൾ കോടതിയിലാണു കേസ്.
ഈവർഷം ഇതുവരെ 2954 പേർക്ക് ഡെങ്കിപ്പനി പിടിപെട്ടു. 20 പേർ മരിച്ചു. 30 മരണം ഡെങ്കിപ്പനിമൂലമാണെന്ന സംശയമുണ്ട്. നിയമനം വൈകുന്നതിനാൽ പ്രതിസന്ധിയുണ്ടെന്ന് അധികൃതർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനതല ഏകോപനത്തിനുള്ള അസിസ്റ്റന്റ് ഡയറക്ടറുടെ തസ്തികയിലും മാസങ്ങളായി ആളില്ല.
2025-ഓടെ മലമ്പനി, കരിമ്പനി, മന്ത്, എന്നിവയുടെ നിർമാർജനത്തിനായി ഈ തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ഡി.വി.ബി.സി.ഡി. ഓഫീസർ തസ്തികയുടെ പേര് നേരത്തേ ജില്ലാ മലേറിയ ഓഫീസർ എന്നായിരുന്നു. ശമ്പളപരിഷ്കരണത്തോടെയാണു പേരുമാറ്റിയത്.