ക്രൈം
വിഷം ഉള്ളിൽച്ചെന്ന് അച്ഛനും മകളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
വിഷം ഉള്ളിൽച്ചെന്ന് അച്ഛനും മകളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെങ്ങാനൂർ പുല്ലാനിമുക്ക് സത്യൻ മെമ്മോറിയൽ റോഡ് ശിവബിന്ദുവിൽ ശിവരാജൻ(56), മകൾ അഭിരാമി(22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു(50), മകൻ അർജുൻ(19) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ അമ്മ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഗൃഹനാഥൻ മറ്റുള്ളവർക്ക് അവരറിയാതെ ഗുളികയിലൂടെ വിഷം നൽകിയതാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
കടബാധ്യത മൂലമാണ് കുടുംബം ഒന്നടങ്കം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. പുലിങ്കുടിയില്‍ അഭിരാമ ജൂവലറി നടത്തുന്നയാളാണ് ശിവരാജന്‍ (56). വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് കെഎസ്എഫ്ഇയില്‍ നിന്നുള്‍പ്പടെ ഇവര്‍ വലിയ തുകകൾ വായ്പ എടുത്തിരുന്നതായാണ് പറയപ്പെടുന്നത്. ഇതിനിടിൽ മറ്റുള്ളവരിൽ നിന്നും ശിവരാജൻ പണം കടം വാങ്ങിയിരുന്നു. ഇതൊന്നും തിരിച്ചു കൊടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. കെഎസ്എഫ്ഇ ലോണിൻ്റെ അടവ് ഉൾപ്പെടെ പലമാസങ്ങളായി മുടങ്ങിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ശിവരാജൻ കുടുംബാംഗങ്ങളോട് പലപ്പോഴും പറഞ്ഞിട്ടുള്ളതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ലോണുകളുടെ തിരിച്ചടവ് മുടങ്ങിയതോടെ കുറച്ചു ദിവസമായി ശിവരാജൻ മാനസിക വിഷമത്തിലായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു.
സ്വര്‍ണപ്പണിക്കാരനായ ശിവരാജന്‍ പുളിങ്കുടിയില്‍ കട വാടകയ്‌ക്കെടുത്ത് സ്വര്‍ണാഭരണങ്ങള്‍ പണിതുനല്‍കിയാണ് കഴിഞ്ഞിരുന്നത്. പുല്ലാനിമുക്കിലുള്ള വീടുവയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ.യുടെ കാഞ്ഞിരംകുളം, കരമന ശാഖകളില്‍നിന്നും വെങ്ങാനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും വായ്പ എടുത്തിരുന്നു. കോവിഡ് കാലത്ത് ഇവയുടെ തിരിച്ചടവ് മുടങ്ങി. തിരിച്ചടവിനു പലപ്പോഴായി സുഹൃത്തുക്കളില്‍നിന്നു പലിശയ്ക്ക് പണംവാങ്ങിയത് കൂടുതല്‍ കടത്തിലാക്കി. ഒടുവില്‍ കെ.എസ്.എഫ്.ഇ.യും ബാങ്കും നോട്ടീസ് അയച്ചപ്പോള്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചു. പക്ഷേ, ആ തുകയില്‍ കടംവീട്ടിയശേഷം മറ്റൊരു വീട് വാങ്ങാനുള്ള പണം തികയുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാണ് ശിവരാജന്‍ കടുംകെെ ചെയ്തതെന്നാണ് ബന്ധുക്കൾ കരുതുന്നത്.
വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിലെ താത്‌കാലിക ജീവനക്കാരിയായിരുന്നു ബിന്ദു. കഴിഞ്ഞ ഒരാഴ്ചയായി രാത്രിയിൽ വിറ്റാമിൻ ബി കോംപ്ലക്സ് എന്ന പേരിൽ ശിവരാജൻ എല്ലാവർക്കും ഗുളിക നൽകുമായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയും പതിവുപോലെ ശിവരാജൻ കുടുംബാംഗങ്ങൾക്ക് ഗുളിക നൽകി. ഇങ്ങനെ നൽകിയ ഗുളികയിൽ സയനൈഡ് കലർത്തിയതായാണ് പൊലീസ് പറയുന്നത്. മരിച്ചവരുടെയുള്ളില്‍ സയനൈഡിനു സമാനമായ ദ്രാവകമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതായി വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി. അര്‍ജുന്‍ ഗുളികകള്‍ കഴിച്ചെങ്കിലും ഛർദ്ദിക്കുകയായിരുന്നു. അതിനാലാണ് അപകടനില തരണംചെയ്തതെന്നും പോലീസ് പറഞ്ഞു.പുലർച്ചെ മൂന്നോടെ ഛർദിച്ചവശനായ മകൻ അർജുൻ അച്ഛൻ്റേയും അമ്മയുടെയും മുറിയിലെത്തി അവരെ വിളിച്ചിരുന്നു. എന്നാൽ അവരിൽ നിന്ന് പ്രതികരണമുണ്ടായില്ലെന്നാണ് അർജുൻ പറയുന്നത്.
തുടർന്ന് കല്ലുവെട്ടാൻകുഴിയിൽ താമസിക്കുന്ന ശിവരാജൻ്റെ അനുജൻ സതീഷിനെ ഫോണിൽ വിളിച്ച് സംഭവം പറയുകയായിരുന്നു. ഉടൻതന്നെ സതീഷ് സ്ഥലത്തെത്തി. വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിൻ്റെ ഗുരുതരാവസ്ഥ മനസ്സിലായത്. ഉടൻതന്നെ അവശരായ വീട്ടിലെ അംഗങ്ങളെ ആശുപത്രിയിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. ആംബുലൻസിലെ നഴ്‌സ് പരിശോധിച്ചപ്പോൾത്തന്നെ ശിവരാജൻ്റെയും അഭിരാമിയുടെയും മരണം സ്ഥിരീകരിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു.
തുടർന്ന് വിഴിഞ്ഞം പോലീസിൽ വിവരം നൽകി. അവശനിലയിലായ ബിന്ദുവിനും മകൻ അർജുനും ആംബുലൻസ് ജീവനക്കാർ അടിയന്തരചികിത്സ നൽകി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അർജുൻ്റെ നില ഉച്ചയോടെ മെച്ചപ്പെട്ടു. ബിന്ദു അപകടനില തരണംചെയ്തിട്ടില്ല. അഭിരാമി ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം പിഎസ്︋സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. കാര്യവട്ടത്ത് ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് അര്‍ജുന്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)