കേരളം
ഗുരുവായൂരില്‍ ചോറൂണ് നാളെ മുതല്‍
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുണ്ടായ സാഹചര്യത്തില്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയം ഫെബ്രുവരി 28 മുതല്‍ കലാപരിപാടികള്‍ക്കായി തുറന്നുകൊടുക്കുവാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനം. നിര്‍ത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂണ് വഴിപാട് നാളെ മുതല്‍ പുനരാരംഭിക്കും.
ഫെബ്രുവരി 28 മുതല്‍ കലാപരിപാടികള്‍ക്കായി മേല്‍പത്തൂര്‍ ഓഡിറ്റോറിയം ബുക്ക് ചെയ്യാനും അവസരമുണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ ജനുവരി 19 മുതലാണ് മേല്‍പത്തൂര്‍ ഓഡിറ്റോറിയം അടച്ചതും ചോറൂണ്‍ നിര്‍ത്തിവെച്ചതും. ജനുവരി 19 മുതല്‍ ഫെബ്രുവരി 27 വരെ കലാപരിപാടികള്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് മാര്‍ച്ച് 31 നുളളില്‍ ഒഴിവുള്ള സ്ലോട്ടുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം നല്‍കും.
വെള്ളിയാഴ്ച രാത്രി ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തില്‍ ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐഎഎസ്, അംഗങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്വ. കെ വി മോഹന കൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ പങ്കെടുത്തു.