കേരളം
ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും വിമര്‍ശനം; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു നടത്തിയ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ പൊരുത്തക്കേടുണ്ടെന്ന് കോടതി പറഞ്ഞു. ഡിജിപിയുടെ സത്യവാങ്മൂലവും കോടതിക്ക് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്.
എഡിജിപി മനോജ് എബ്രഹാം അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കത്തല്ല, നോട്ട് ഫയല്‍ ആണെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പറയുന്നു. സത്യവാങ്മൂലം വായിച്ചുനോക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് കോടതി ആവശ്യപ്പെട്ടു.
മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും എഡിജിപി മനോജ് എബ്രഹാമിനെയും കോടതി വിമര്‍ശിച്ചു. ബെഹ്‌റ എന്തിനാണ് മോന്‍സണിന്റെ വീട്ടില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചു. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നല്‍കിയെന്ന വാദം തെറ്റല്ലേയെന്നും കോടതി ആരാഞ്ഞു.
പൊലീസ് മേധാവിയും എ ഡി ജി പിയും വെറുതെ മോന്‍സണിന്റെ വീട്ടില്‍ പോകുമോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. മോന്‍സണിനെക്കുറിച്ച് ആര്‍ക്കാണ് സംശയം തോന്നിയത്. എ ഡി ജി പി മനോജ് എബ്രഹാമിനാണോ തോന്നിയതെന്ന് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പുരാവസ്തു രജിസ്‌ട്രേഷന്‍ ഉണ്ടോ എന്നതാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആദ്യം അന്വേഷിക്കേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സോഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇന്റലിജന്‍സ് അന്വേഷണം നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആരാണ് സോഴ്‌സ് എന്ന് വ്യക്തമാക്കണം. ചോദ്യം ഉന്നയിക്കുന്നതിന് വ്യക്തമായ കാരണമുണ്ടെന്നും, ഇക്കാര്യത്തില്‍ ഉരുണ്ടു കളിക്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.