കേരളം
മങ്കിപോക്‌സ്: മുൻകരുതലും ജാഗ്രതയും വേണം, നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നോര്‍പ്പിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻ കരുതലും ജാഗ്രതയും വേണമെന്നോര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയില്‍ നിന്നുമെത്തിയ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ച സമയത്ത് തന്നെ മുൻകരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണ്.
മങ്കിപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാവരും മാസ്‌ക് ധരിക്കുന്നതും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കൊവിഡിനെ പോലെ മങ്കിപോക്‌സിനേയും പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു.
രാജ്യത്തെ ആദ്യ മങ്കി പോക്സ് രോഗം സംസ്ഥാനത്ത് ഇന്നാണ് സ്ഥിരീകരിച്ചത്. യു.എ.ഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിയായ 35കാരൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാളോട് അടുത്ത സമ്പർക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി തുടങ്ങി. രോഗം സ്ഥിരീകരിച്ചതോടെ കേന്ദ്ര സംഘം കേരളത്തിലെത്തും. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിയായ 35കാരൻ ലക്ഷണം കണ്ടയുടൻ ചികിത്സ തേടി നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. സാംപിൾ പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം മങ്കിപോക്സ് ആണെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ മാതാപിതാക്കൾ നിരീക്ഷണത്തിലാണ്. വിമാനത്തിൽ 11 പേർ അടുത്ത സമ്പർക്ക പട്ടികയിലുണ്ട്. യാത്രയക്ക് മുൻപ് മങ്കി പോക്സ് രോഗയുമായി അടുത്ത സമ്പർക്കത്തിൽ വന്നതോടെയാണ് 35കാരനും രോഗം ബാധിച്ചത്. 21 ദിവസമാണ് രോഗം ബാധിച്ചാൽ ഇൻക്യൂബോഷൻ പിരീഡ്.