കേരളം
മോഫിയ പർവീണിന്റെ മരണം: ഭർത്താവും മാതാപിതാക്കളും റിമാന്റിൽ
മോഫിയ ആത്മഹത്യാ കേസിൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛൻ യൂസഫ്, അമ്മ റുഖിയ എന്നിവരെയാണ് ആലുവ കോടതി റിമാൻഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.
മോഫിയ പർവീൺ മരിച്ച വിവരം പുറത്ത് വന്ന ഉടനെ കോതമംഗലത്തെ വീടും പൂട്ടി ഇവർ ഒളിവിൽ പോയിരുന്നു. കോതമാഗലത്ത് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഇന്നലെ പുലർച്ചയോടെയാണ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ പ്രതികൾ കോതമംഗലത്ത് ബന്ധുവീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
നിയമ വിദ്യാർത്ഥിനിയായിരുന്ന മോഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉപരോധ സമരം തുടരുകയാണ്. ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുൻ സിഐ സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇന്നലെ പകൽ തുടങ്ങിയ പൊലീസ് സ്റ്റേഷൻ ഉപരോധം രാത്രി പിന്നിട്ടും തുടരുകയാണ്. ആലുവ എംഎൽഎ അൻവർ സാദത്ത്, എംപി ബെന്നി ബെഹന്നാൻ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് സമരം.
മോഫിയയുടെ മരണത്തിന് പിന്നാലെ കേസിൽ പ്രതിസ്ഥാനത്തുള്ള സിഐ സുധീർ കുമാറിനെ ചുമതലകളിൽ നിന്ന് മാറ്റിയെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ സുധീർ വീണ്ടും ജോലിക്ക് ഹാജരായി. ഇതോടെ പ്രതിപക്ഷം പൊലീസ് സ്റ്റേഷൻ വളഞ്ഞ് ഉപരോധം തുടങ്ങി. ഇതിനിടെ സ്റ്റേഷനിലെത്തിയ ഡിഐജിയുടെ വാഹനം യൂത്ത് കോൺഗ്രസ് തടഞ്ഞതോടെ സംഘർഷമായി. യുവമോർച്ചയുടെ പൊലീസ് സ്റ്റേഷൻ മാർച്ചും സംഘർഷത്തിൽ കലാശിച്ചു.
സുധീറിനെ ചുമതലയിൽ നിന്ന് മാറ്റിയില്ലെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ച് കയറി. പിടിവലിയിൽ ജനപ്രതിനിധികളടക്കം താഴെ വീണു. ഉച്ചയ്ക്ക് ശേഷം കേസിലെ സുധീർ കുമാറിന്‍റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ആലുവ ഡിവൈഎസ്പി, ഡിഐജിയ്ക്ക് കൈമാറി. തൊട്ടുപിന്നാലെ സുധീറിനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ഇറങ്ങി. എന്നാൽ നടപടി കുറഞ്ഞ് പോയെന്നും സുധീറിന് ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിലാണ് നടപടി സ്ഥലംമാറ്റത്തിൽ ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു. കേസ് കൈകാര്യം ചെയ്യുന്നതിൽ സുധീറിന് ഗുരുതര വീഴ്ചയുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്. ഡിഐജി തുടരന്വേഷണം നടത്തി കൂടുതൽ നടപടികൾ എടുക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ നടപടി വരും വരെ സമരം തുടരാനാണ് യുഡിഎഫ് തീരുമാനം.