ദേശീയം
മോദി ടെര്‍മിനേറ്റര്‍ വേഷത്തില്‍; ചിത്രം പങ്കുവെച്ച് ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍
2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന സൂചന നല്‍കി ബിജെപി. ദി ടെര്‍മിനേറ്റര്‍ എന്ന ചലച്ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റെ പോസ്റ്ററില്‍ നരേന്ദ്രമോദിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ബിജെപി ചിത്രം പ്രചരിപ്പിക്കുന്നത്. അര്‍നോള്‍ഡ് ഷ്വാസനെഗറിന്റെ പ്രശസ്ത ഹോളിവുഡ് സിനിമയായ ദി ടെര്‍മിനേറ്ററിന്റെ പോസ്റ്റര്‍ വച്ചുള്ള ഫോട്ടോയില്‍ 2024ല്‍ നരേന്ദ്രമോദി, താന്‍ തന്നെ അധികാരത്തില്‍ തിരികെ വരുമെന്ന് പറയുന്നതാണുള്ളത്.
‘പ്രതിപക്ഷത്തിന് നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഇറക്കണമെന്നുണ്ടാകും. പക്ഷേ അത് സ്വപ്‌നം മാത്രമാണ്. ടെര്‍മിനേറ്റര്‍ എന്നും ജയിക്കാന്‍ വേണ്ടിയുള്ളതാണ്.’പോസ്റ്റില്‍ പറയുന്നു. എകിസിലാണ് ബിജെപിയുടെ ഔദ്യോഗിക പേജില്‍ നിന്നുള്ള പോസ്റ്റര്‍ പ്രചാരണം.
പ്രതിപക്ഷത്തിന്റെ ഇന്ത്യാ മുന്നണിയുടെ യോഗം നാളെ നടക്കാനിരിക്കെയാണ് ബിജെപിയുടെ ട്വീറ്റ്. 26 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെങ്കിലും പങ്കെടുക്കുന്ന യോഗം നാളെയും സെപ്റ്റംബര്‍ 1നും മുംബൈയില്‍ വച്ചാണ് നടക്കുക. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ നേരിടാനുള്ള തന്ത്രങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷ പാര്‍ട്ടികളും സീറ്റ് വിഭജന ഫോര്‍മുലയിലും യോഗത്തില്‍ തീരുമാനമെടുത്തേക്കും.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും ബിഹാറില്‍ 17 സീറ്റുകളില്‍ വീതം മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് 4 സീറ്റിലും സിപിഐ 1 സീറ്റിലും മത്സരിക്കും. ബിഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സീറ്റ് വിഭജന ഫോര്‍മുല സംബന്ധിച്ച അന്തിമ തീരുമാനം മുംബൈയില്‍ നടക്കുന്ന യോഗത്തിലുണ്ടാകും. മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളുടെയും നിലവിലെ സാഹചര്യം അവലോകനം ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും പങ്കെടുക്കും.