കേരളം
ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ഒളിച്ചോടിയ സംഭവം; പ്രതികളിലൊരാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി
ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതെ പോയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിലൊരാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് ചേവായൂർ സ്റ്റേഷൻ നിന്ന് ഇറങ്ങി ഓടിയത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. വസ്ത്രം മാറാൻ പ്രതികൾക്ക് സമയം നൽകിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടത് എന്ന് പൊലീസ് പറയുന്നു.
ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ ഫെബിന്റെയും കൊല്ലം സ്വദേശി ടോം തോമസിന്റെയും അറസ്റ്റ് പൊലീസ് ഇന്നാണ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്ന് കുട്ടികൾ മടിവാള പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത് പോലീസ് കാര്യമായി എടുത്തിട്ടില്ല.അടുത്ത ദിവസം തന്നെ ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടികൾ എങ്ങനെ ബെംഗളൂരുവിൽ എത്തിയെന്നും , ആരാണ് ബാഹ്യമായ സഹായം ചെയ്തത് എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.
ഇതിനിടെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിന് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന CWC നിർദേശം ഒരു വർഷമായിട്ടും നടപ്പിലാക്കിയിട്ടില്ല. പലതവണ അന്തേവാസികൾ ഒളിച്ചോടിയിട്ടും ബാലികാമന്ദിരം അധികൃതർ ഗുരുതര അലംഭാവം പുലർത്തിയെന്നാണ് ബാലക്ഷേമ സമിതിയുടെ വിലയിരുത്തൽ.സുരക്ഷ ഒരുക്കുന്നതിന് തടസ്സം സാങ്കേതിക കാരണങ്ങളാണെന്ന് പറഞ്ഞ് തടിയൂരുകയാണ് അധികൃതർ.
ആറ് പെൺകുട്ടികൾ ബാലികാമന്ദിരത്തിൽ നിന്ന് പുറത്ത് കടന്നതിന് പിന്നാലെയാണ് വെള്ളിമാടുകുന്നിലെ സുരക്ഷാ വീഴ്ചയപറ്റി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. 17 വയസ്സ് വരെയുള്ള പെൺകുട്ടികളെ താമസിപ്പിക്കുന്ന ഗേൾസ് ഹോമിന് വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ല. ചുറ്റുമതിൽ പലയിടത്തും തകർന്ന നിലയിലാണ്. അനായാസമായി ആർക്കും എപ്പോൾവേണമെങ്കിലും പുറത്ത് കടക്കാനും അകത്തേക്ക് കയറാനുമാകും.
ആവശ്യത്തിന് സുരക്ഷാജീവനക്കാരോ, അന്തേവാസികളെ പരിപാലിക്കാൻ വാർഡർമാരോ ഇല്ല. ജെൻഡർ പാർക്ക് അടക്കമുള്ള പൊതു ഇടങ്ങളുള്ള ഇവിടെ നിരീക്ഷണത്തിനായി ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. അകത്ത് കയറുന്നവർ എവിടേക്ക് പോകുന്നെന്ന് നിരീക്ഷിക്കാൻ മറ്റ് സംവിധാനങ്ങളൊന്നുമില്ല. നേരത്തെയും സമാനരീതിയിൽ കുട്ടികൾ ഒളിച്ചോടാൻ ശ്രമിച്ചിട്ടും അധികാരികൾ നിസ്സംഗത പുലർത്തുകയാണ്. ഗുരുതര വീഴ്ചയാണ് ജീവനക്കാരിൽ നിന്നുണ്ടായതെന്നാണ് ബാലക്ഷേമ സമിതിയുടെ നിരീക്ഷണം. എന്നാൽ വനിതാശിശു വികസന വകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും അനുമതി കിട്ടുന്നതിലെ കാലതാമസമാണ് ക്യാമറകൾ അടക്കം സ്ഥാപിക്കുന്നതിനുള്ള തടസ്സമെന്നാണ് ബാലികാമന്ദിരം സൂപ്രണ്ട് പറയുന്നത്.