കേരളം
ടൈഫോയ്ഡ് വാക്സീന്റെ വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി: ആരോഗ്യ മന്ത്രി
ടൈഫോയ്ഡ് വാക്സീന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതു സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കൽ സ്റ്റോറുകൾ നൽകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.
ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സീന്‍ നിര്‍ബന്ധമാക്കിയതോടെയാണ് മെഡിക്കല്‍ ഷോപ്പുകൾ മരുന്നുകൊള്ള നടത്തുന്നതായി പരാതി ഉയർന്നത്. 200 രൂപയില്‍ താഴെ വിലയുള്ള വാക്സീന്‍ വിപണിയില്‍ ലഭ്യമായിരിക്കെ രണ്ടായിരം രൂപയുടെ വാക്സീനാണ് വില്‍പനയ്ക്ക് എത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളും കുത്തിവയ്പിന് വന്‍തുക ഈടാക്കുന്നതിനാല്‍ ഹെല്‍ത്ത് കാര്‍ഡ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭാരിച്ച ബാധ്യതയാകുകയാണ്.
സര്‍ക്കാര്‍ ആശുപത്രികളിലും കുറഞ്ഞ വിലയ്ക്ക് മരുന്നെത്തിക്കേണ്ട കാരുണ്യ ഫാര്‍മസികളിലും വാക്സീന്‍ ലഭ്യമാക്കാത്തതാണ് ചൂഷണത്തിന് കളമൊരുക്കുന്നത്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണെങ്കിൽ ചെലവ് ഇതിലും കൂടും. കൂടുതൽ വിലയുള്ള മരുന്നിന് കൂടുതൽ കമ്മിഷൻ ലഭിക്കുമെന്നതാണ് മരുന്നുകടക്കാരുടെ ലാഭം.