കേരളം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത ഹർജികൾ തള്ളി ഹൈക്കോടതി
ഫോക്കസ് ഏരിയ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത ഹർജികൾ ഹൈക്കോടതി തള്ളി. വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് ഹർജികൾ നൽകിയത്. കേരള വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മറ്റു ബോർഡുകളിൽ പഠിച്ചുവരുന്ന വിദ്യാർഥികളുമായി മത്സരിക്കേണ്ടതിനാൽ സിലബസ് വെട്ടിച്ചുരുക്കിയാൽ അത് അവരുടെ ഭാവിയെ ബാധിക്കുമെന്ന കാര്യം ഹൈക്കോടതി ശരിവെച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് ബാക്കി സിലബസ് ട്യൂഷന് പോയി പഠിച്ച് മത്സര പരീക്ഷ എഴുതാൻ കഴിഞ്ഞെന്നുവരില്ല.
ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം പഠിപ്പിക്കുവാനോ പഠിക്കുവാനോ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശമൊന്നും നൽകിയിട്ടില്ല.ക്ലാസുകൾ 2021 നവംബർ മുതൽ തന്നെ തുടങ്ങിയെന്ന സർക്കാർ വാദത്തെ എതിർത്തിട്ടില്ല. കഴിഞ്ഞ അക്കാഡമിക് വർഷത്തേതു പോലെ സിലബസ് ഉദാരമാക്കിയാൽ അത് കേരള ബോർഡിൽ പഠിച്ചു വരുന്ന മിടുക്കരായ വിദ്യാർഥികൾക്ക് അഖിലേന്ത്യ മത്സരപരീക്ഷകളിലെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കും .
നിലവിൽ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ച പരീക്ഷാ പാറ്റേണിൽ 70% ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും ബാക്കി 30% നോൺ ഫോക്കസ് ഏരിയയിൽ നിന്നുമായിരിക്കും. കൂടാതെ, 50% വീതം ചോയ്സ് ക്വസ്റ്റ്യൻസ് ഫോക്കസ് ഏരിയയിൽ നിന്നും നോൺ ഫോക്കസ് ഏരിയയിൽ നിന്നും ഉണ്ടാകും. ഇത്തരമൊരു ചോദ്യരീതിയിലും മൂല്യനിർണയ രീതിയിലും കൂടി ഏറ്റവും മികച്ച വിദ്യാർത്ഥികളെ കണ്ടെത്താനാകും. നിലവിൽ വിഭാവനം ചെയ്തിട്ടുള്ള പരീക്ഷാരീതി മികവുറ്റ വിദ്യാർഥികൾക്ക് മികച്ച മാർക്ക് നേടി ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾക്കും അഡ്മിഷനും വഴിയൊരുക്കും. ഇതിനകം തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം 5-1-2022 മുതൽ 22-1-2022 വരെ ചോദ്യപേപ്പറുകൾ സെറ്റ് ചെയ്തു കഴിഞ്ഞു.
വിദ്യാർത്ഥികളുടെ ഗുണത്തെ മുൻനിർത്തിയാണ് സർക്കാർ തീരുമാനമെന്ന് ഹൈക്കോടതി ശരിവെച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ഹൈക്കോടതി വിധിയനുസരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.