കേരളം
ജപ്തിയിലൂടെ പാവപ്പെട്ടവരെ തെരുവിലിറക്കില്ല; കെ. റെയില്‍ പഠനത്തിന് കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കാൻ നിയമ തടസമില്ലെന്ന് വി.എന്‍. വാസവന്‍
കെ. റെയില്‍ സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ടാല്‍ വായ്പയ്ക്ക് ഈടായി ഭൂമി സ്വീകരിക്കില്ലെന്ന നിലപാട് സഹകരണ ബാങ്കുകള്‍ക്ക് ഇല്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കാത്ത രണ്ട് സംഭവങ്ങളുണ്ടായി. രണ്ട് സംഘങ്ങളെയും നിജസ്ഥിതി ബോദ്ധ്യപ്പടുത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കുന്നതിനാണ് കല്ലിട്ടതെന്ന തെറ്റിദ്ധാരണയാണുണ്ടായിട്ടുള്ളത്. എന്നാല്‍ സാമൂഹ്യ ആഘാത പഠന ആവശ്യത്തിനാണ് കല്ലിടല്‍ നടക്കുന്നത്.
ഭൂമി ഏറ്റെടുക്കണമെങ്കില്‍ ഇനിയും നിരവധി കടമ്പകള്‍ കടക്കണം. പാരിസ്ഥിതിക ആഘാത പഠനവും സര്‍വെയുമൊക്കെ കഴിഞ്ഞായിരിക്കും അന്തിമ അലൈന്‍മെന്റ് തീരുമാനിക്കുക. ഇതിന് ശേഷം 4-(1 )., 6-(1 ) നോട്ടീസുകള്‍ നല്‍കിയ ശേഷം മാത്രമെ ഭൂമി ഏറ്റെടുക്കുകയുള്ളൂ. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ നാലിരട്ടി വിലയ്ക്കായിരിക്കും ഏറ്റെടുക്കുക. അപ്പോള്‍ തന്നെ ബാങ്കുകളുടെ കടം തീര്‍ക്കാന്‍ കഴിയും. അത്തരം പ്രദേശങ്ങളിലെ ഭൂമി ഈടായി വാങ്ങിയാല്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളില്‍ ഇത്തരം ഭൂമി ഈടായി നല്‍കുയാണെങ്കില്‍ നിഷേധിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാരുടെ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി ഒഴിവാക്കണമെന്ന് സഹകരണ ബാങ്കുകള്‍ക്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജപ്തിയുടെ സാഹചര്യമുണ്ടായാല്‍ താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തിയ ശേഷം നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ സംഘത്തിലുണ്ടായ സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
അര്‍ബന്‍ ബാങ്കുകളില്‍ ഭരണപരമായ കാര്യങ്ങളില്‍ മാത്രമാണ് കോ ഓപ്പറേറ്റീവ് രജിസ്ട്രാര്‍ക്ക് ചുമതലയുള്ളൂ. ബാങ്കിംഗ് ഇടപാടുകള്‍ റിസര്‍വ്വ് ബാങ്കിനാണ് നിയന്ത്രണം. അതുകൊണ്ടു തന്നെ ആര്‍ബിഐ ചട്ടങ്ങള്‍ അനുസരിച്ചാണ് മൂവാറ്റുപുഴ നടപടി സ്വീകരിച്ചത്. സര്‍ഫാസി നിയമം ബാധമാക്കിയായിരുന്നു നടപടി. പലതവണ നിയമപരമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും വായ്പക്കാരനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്ത്. വായ്പക്കാരന്‍ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ താക്കോല്‍ മടക്കി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയും മടക്കി നല്‍കുകയും ചെയ്തതായി ബാങ്ക് പ്രസിഡന്റ് അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക വിവരം ശേഖരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.