കേരളം
ഗിനിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; കപ്പലിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാർ
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം എംബസിയുമായി ചർച്ച നടത്തി വരികയാണെന്ന് മുരളീധരൻ പറഞ്ഞു.
പിടികൂടിയവരെ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കം തടയാന്‍ നൈജീരിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി. പിടിയിലായവരെ ഗിനിയില്‍ നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. നൈജീരിയയിലേക്ക് കേസിന് കൊണ്ടുപോകാതെ അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഓഗസ്റ്റ് എട്ടിനാണ് നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ഗിനി നാവികസേന കസ്റ്റഡിയിലെടുത്തത് . മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലിലുള്ളത്. നൈജീരിയൻ നാവികസേനയുടെ നിർദേശപ്രകാരമാണ് കപ്പൽ ഗിനി നാവികസേന തടഞ്ഞുവച്ചത്. ക്രൂഡ് ഓയിൽ മോഷണത്തിനു വന്ന കപ്പൽ എന്നു സംശയിച്ചാണ് കപ്പൽ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
കൊല്ലത്തു സ്ത്രീധന പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ നിലമേൽ സ്വദേശി വിജിത്തും കപ്പലിൽ തടവിലായ മലയാളികളിൽ ഉൾപ്പെടുന്നു. ഗിനിയില്‍ തടഞ്ഞുവച്ചിരിക്കുന്ന കപ്പല്‍ ജീവനക്കാരെ ഉടന്‍ നൈജീരിയക്ക് കൈമാറുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് വിജിത്ത് അറിയിച്ചു.