കേരളം
ഏത് പ്രതിസന്ധിയിലും കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി; ‘ഇതുവരെ 4400 കോടി നല്‍കി’
ഏത് പ്രതിസന്ധിയിലും കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ 4700 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. ഈ സര്‍ക്കാര്‍ ഇതുവരെ 4400 കോടി നല്‍കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ ആധുനികവത്കരണത്തിലൂടെ കെഎസ്ആര്‍ടിസി ജനകീയമായി മാറണം. കെഎസ്ആര്‍ടിസി കൊല്ലം ജില്ലയില്‍ നിന്ന് ആരംഭിച്ച രണ്ട് ജനത സര്‍വീസുകള്‍ ജനപ്രിയമായി മാറി കഴിഞ്ഞു. ഇലക്ട്രിക് ബസുകള്‍ ഉള്‍പ്പടെ പുതിയ ബസുകള്‍ ഇറക്കും. കൊല്ലം, കൊട്ടാരക്കര ബസ് ഡിപ്പോകള്‍ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കരീപ്ര കുഴിമതിക്കാട് നിന്നും ആരംഭിച്ച കെഎസ്ആര്‍ടിസി ബസ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൊട്ടാരക്കര ഡിപ്പോയില്‍ നിന്നുള്ള തിരുവനന്തപുരം ഫാസ്റ്റ് സര്‍വീസാണ് ആരംഭിച്ചത്. 6.25ന് കുഴിമതിക്കാട് നിന്നും പുറപ്പെടുന്ന ബസ് നല്ലില, കണ്ണനല്ലൂര്‍, കൊട്ടിയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വഴി 8.10ന് തിരുവനന്തപുരത്തു എത്തും.