കേരളം
ഉപഭോക്താക്കള്‍ക്ക് അമിത ഭാരമാകില്ല’; വൈദ്യുതി നിരക്ക് വര്‍ധന ഉണ്ടാവുമെന്ന് മന്ത്രി
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് ഉണ്ടാവുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. റെഗുലേറ്ററി കമ്മീഷനാണ് വര്‍ധിപ്പിക്കേണ്ട നിരക്ക് തീരുമാനിക്കുക. ഉപഭോക്താക്കള്‍ക്ക് മേല്‍ അമിതഭാരമുണ്ടാക്കുന്ന വര്‍ധന ഉണ്ടാവില്ലെന്നും മന്ത്രി. ഒക്ടോബറില്‍ പുതുക്കിയ വൈദ്യുത നിരക്ക് പ്രാബല്യത്തില്‍ വരും. ബോര്‍ഡ് ആവശ്യപ്പെട്ട് വര്‍ധന എന്തായാലും ഉണ്ടാകില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലവും നിരക്ക് വര്‍ധനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വ്യവസായ കണക്ഷന്‍ ഗുണഭോക്താക്കള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് വിധിയുണ്ടായത്. വര്‍ധന ഹൈക്കോടതി പൂര്‍ണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ബോര്‍ഡിന്റെ ബാധ്യത താരിഫ് വര്‍ധനയിലൂടെ ഈടാക്കരുതെന്നാണ് നിര്‍ദേശം. കേസ് തീര്‍പ്പായതോടെ നിരക്ക് വര്‍ധനയ്ക്ക് വേണ്ടിയുള്ള ബോര്‍ഡിന്റെ അപേക്ഷ റെഗുലേറ്ററി കമ്മീഷന്‍ അടുത്ത ആഴ്ച പരിഗണിക്കും.
റവന്യു കമ്മി മുഴുവന്‍ ഈടാക്കാന്‍ അനുവദിക്കുന്ന രീതിയില്‍ നിരക്ക് വര്‍ധന നടപ്പാക്കാന്‍ ബോര്‍ഡിനെ റെഗുലേറ്ററി കമ്മീഷന്‍ അനുവദിക്കാറില്ല. അതുകൊണ്ട് കെഎസ്ഇബി ആവശ്യപ്പെട്ടത് പോലെ 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി ഉണ്ടാകില്ല. എന്നാല്‍ 20 പൈസയ്ക്ക് മുകളിലുള്ള വര്‍ധന ഉറപ്പാണ്.