കേരളം
ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം ; ഹൈക്കോടതിയില്‍ ഹര്‍ജി
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ബിന്ദുവിന്റെ തെരഞ്ഞെടുപ്പു വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ഹര്‍ജി നല്‍കിയത്. ഇല്ലാത്ത പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്താണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ബിന്ദു വോട്ടുതേടിയത്.
ഇത് നിയമവിരുദ്ധമാണ്. ജനങ്ങളെ കബളിപ്പിച്ച് നേടിയതാണ് ബിന്ദുവിന്റെ വിജയമെന്നും തോമസ് ഉണ്ണിയാടന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. നേരത്തെ പ്രൊഫസര്‍ അല്ലാത്ത ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദു, പ്രൊഫസര്‍ എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു.
തെറ്റായ പദവി പരാമര്‍ശിച്ചു നടത്തിയ സത്യപ്രതിജ്ഞ റദ്ദാക്കി, മന്ത്രി വീണ്ടും ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രി ബിന്ദുവിന്റെ പദവി സംബന്ധിച്ച് സര്‍ക്കാര്‍ തന്നെ തെറ്റു തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് കമ്മിറ്റി നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മേയ് 20ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രഫസര്‍ ആര്‍ ബിന്ദു എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ഡോ. ആര്‍ ബിന്ദുവെന്ന് തിരുത്തിയതായി അറിയിച്ചു കൊണ്ട് ജൂണ്‍ എട്ടിന് ചീഫ് സെക്രട്ടറി വി.പി.ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
പ്രൊഫസര്‍ ആര്‍.ബിന്ദുവെന്ന പേരിലാണ് മന്ത്രി ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. തൃശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപികയായ ഡോ. ബിന്ദു പ്രഫസറല്ല. ഗസറ്റ് വിജ്ഞാപനത്തിലൂടെ തെറ്റ് സര്‍ക്കാര്‍ തന്നെ തിരുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സത്യപ്രതിജ്ഞ നടത്താന്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.