കേരളം
ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി
കാസർകോട് റിപ്പബ്ലിക് ദിന പരിപാടിയിൽ ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ പൊലീസ് മേധാവി, എഡിഎം എന്നിവരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. മന്ത്രി എന്ന നിലയിൽ വീഴ്ച പറ്റിയിട്ടില്ലെന്നും റിഹേഴ്സൽ നടത്തിയിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു.
ജില്ലാ പൊലീസ് മേധാവിക്കാണ് സംഭവത്തിന്‍റെ അന്വേഷണ ചുമതല. പൊലീസ്, റവന്യൂ വകുപ്പുകളുടെ വീഴ്ച അന്വേഷിക്കും. കണ്ണൂർ ഡിജിപിക്ക് ഇന്ന് അന്വേഷണ റിപ്പോർട്ട് കൈമാറും. എഡിഎമ്മിനെ മന്ത്രി അഹമ്മദ് ദേവർ കോവിൽ വിളിച്ച് വരുത്തി വിശദീകരണം തേടിയിട്ടുണ്ട്.
രാവിലെ കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലതിരിച്ചുയർത്തിയത്. തെറ്റ് മനസിലാക്കിയതോടെ പിന്നീട് ശരിയാക്കി ഉയർത്തി.
മന്ത്രി അഹമ്മദ് ദേവർ കോവിൽ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ച് ഗാർഡ് ഓഫ് ഓണറും കഴിഞ്ഞ ശേഷമാണ് തെറ്റ് മനസിലായത്. മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മാത്രമാണ് പതാക തല തിരിഞ്ഞത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. തെറ്റ് മനസിലാക്കിയതോടെ പതാക താഴ്ത്തി ശരിയായ രീതിയിൽ ഉയർത്തി. കളക്ടറുടെ ചുമതലയുള്ള എഡിഎം എ കെ രാമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തലതിരിഞ്ഞ പതാക ഉയർത്തൽ. ജില്ലയിലെ എംപിയും എം എൽ എമാരും ചടങ്ങിനുണ്ടായിരുന്നു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടറുടെ ചുമതലയുള്ള എഡിഎം ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം വ്യക്തമാക്കി.