കേരളം
ചരിത്രത്തിലാദ്യമായി മില്‍മ ഭരണം ഇടതുമുന്നണിക്ക്; ചെയര്‍മാനായി കെഎസ് മണി
ചരിത്രത്തിലാദ്യമായി മില്‍മയുടെ ഭരണം ഇടതുമുന്നണിക്ക്. ചെയര്‍മാനായി കെഎസ് മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് വിജയം. മില്‍മയുടെ രൂപവത്കരണകാലം മുതല്‍ ഭരണം കോണ്‍ഗ്രസിനായിരുന്നു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിന്റെ അന്തിമവിധി ഓഗസ്റ്റ് പതിനൊന്നിനുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും.മില്‍മ ഫെഡറേഷനില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു. മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ മരിച്ചഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭരണം സിപിഎമ്മിനാണ്. അവിടെ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നാല് പ്രതിനിധികളാണ് ഉണ്ടായിരുന്നത്. എറണാകുളം മേഖലാ യൂണിയന്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ കൈവശമുള്ളത്. അവിടെനിന്ന് അഞ്ച് പ്രതിനിധികളാണ് ഫെഡറേഷനിലുള്ളത്. ബാലന്‍ മാസ്റ്റര്‍ എറണാകുളത്തുനിന്നുള്ള പ്രതിനിധിയായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ഭാസ്‌കരന്‍ ആദംകാവിലിനെ ചൊവ്വാഴ്ച തെരഞ്ഞെടുത്തിരുന്നു.
മില്‍മയുടെ തിരുവനന്തപുരം മേഖലായൂണിയന്‍ ഭരണസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടിരിക്കുകയാണ്. അവിടെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയില്‍നിന്ന് മൂന്ന് പ്രതിനിധികളാണ് ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. അവരുടെ വോട്ടവകാശം ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍, വോട്ടുചെയ്യിച്ചശേഷം അത് പ്രത്യേകം പെട്ടിയില്‍ സൂക്ഷിക്കാനും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നുമാണ് ഉത്തരവ്.
മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി, ഡെയറി ഡയറക്ടര്‍, ധനകാര്യവകുപ്പ് അസി. സെക്രട്ടറി, നാഷണല്‍ ഡെയറി ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധി എന്നിവരും ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥ അംഗങ്ങളാണ്. മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിവന്ന 1983 മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷന്‍ ചെയര്‍മാന്‍. 2019ല്‍ അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് പി.എ. ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനായത്