കേരളം
ഭക്ഷണം വൈകി; ഭർത്താവിന്റെ അടിയേറ്റു ഭാര്യ മരിച്ചു
കൃത്യസമയത്ത് ഭക്ഷണം നൽകിയില്ലെന്ന കാരണത്താൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. കൊട്ടാരക്കരയ്ക്കടുത്ത് മാവടി സുശീലാഭവനിൽ സുശീല(58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സോമദാസനെ (63) പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ ഒൻപതിനായിരുന്നു സംഭവം.
സോമദാസനും സുശീലയും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നുവെന്ന് പോലീസ്. പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിചെയ്തിരുന്ന സോമദാസൻ വെള്ളിയാഴ്ച രാവിലെ പുരയിടത്തിൽനിന്നു ജോലിക്കിടെ വീട്ടിലെത്തിയിട്ടും സുശീല ഭക്ഷണം തയ്യാറാക്കി നൽകിയില്ലത്രേ. ഇതേത്തുടർന്ന് ഇവർ തമ്മിൽ വഴക്കാവുകയും വീട്ടുമുറ്റത്തുനിന്ന സുശീലയുടെ തലയ്ക്ക് തടിക്കഷണംകൊണ്ട് അടിക്കുകയുമായിരുന്നു.
തലപൊട്ടി ബോധരഹിതയായ ഭാര്യയെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കുളക്കട ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുസമീപം എത്തിയ സോമദാസൻ ഒരു കടയുടമയുടെ കൈയിൽനിന്നു ഫോൺ വാങ്ങി 100-ൽ വിളിച്ച് വിവരംപറഞ്ഞു. ഉടൻതന്നെ പുത്തൂർ പോലീസ് സംഭവസ്ഥലത്തെത്തി. മുറ്റത്ത് ചോരവാർന്നുകിടന്ന സുശീലയെ പോലീസ് ജീപ്പിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കാട്ടാക്കട നെയ്യാർ ഡാം പമ്പരംകാവ് സ്വദേശിയായ സോമദാസൻ ഏഴുവർഷംമുൻപാണ് താഴത്തുകുളക്കടയിൽ റബ്ബർ വെട്ട് ജോലിക്കായെത്തിയത്. പിന്നീട് അമ്പൂരി സ്വദേശിനിയായ സുശീലയെ കൂട്ടിക്കൊണ്ടുവരുകയും മാവടിയിൽ വീടുെവച്ച് താമസിക്കുകയുമായിരുന്നു. സോമദാസന്റെ ആദ്യഭാര്യ മരിച്ചു. സുശീലയും നേരത്തേ വിവാഹം കഴിച്ചിരുന്നു. സോമദാസന് ആദ്യ ഭാര്യയിൽ മൂന്നുമക്കളുണ്ട്. സുശീലയ്ക്ക് മക്കളില്ല.
ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറിന്റെ മേൽനോട്ടത്തിൽ ശൂരനാട് സി.ഐ. ശ്യാംകുമാറിനാണ് അന്വേഷണച്ചുമതല. പുത്തൂർ എസ്.ഐ. പി.കെ.കവിരാജൻ, എസ്.ഐ. സോമനാഥൻ നായർ, എ.എസ്.ഐ.മാരായ വിജയരാജൻ, ആർ.രാജീവ്, സജീവ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതും സുശീലയെ ആശുപത്രിയിലെത്തിച്ചതും.