Connect with us

Kerala

ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തം രണ്ട് ദിവസം കൊണ്ട് പൂർണമായും അണക്കാൻ സാധിക്കും; മന്ത്രി എം.ബി രാജേഷ്

Published

on

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം രണ്ടു ദിവസം കൊണ്ട് പൂർണമായും അണക്കാൻ സാധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പരിഭ്രാന്തിയുടെ സാഹചര്യം ഇല്ല. വായു ഗുണനിലവാരം മെച്ചപ്പെട്ടിട്ടുമുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ആശുപത്രികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം പരിശോധന ഒഴിവാക്കാൻ മനഃപൂർവമായുണ്ടാക്കിയതാണെന്ന ​ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തി. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. മാലിന്യ പ്ലാന്റിലെ തീപിടിത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുകയാണ്. പ്രതിരോധിക്കാൻ വേണ്ടി ഒരു സംവിധാനവും ചെയ്തില്ല. ജൈവ അജൈവ മാലിന്യങ്ങൾ ഒന്നിച്ചു കൂട്ടിയിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടിത്തത്തില്‍ കോര്‍പറേഷനെതിരെ വിമര്‍ശനവുമായി ഫയര്‍ഫോഴ്‌സ് രം​ഗത്തെത്തിയിരുന്നു. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ ഹിറ്റാച്ചി എത്തിക്കുന്നില്ല. ലഭിച്ചത് നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണെന്നാണ് കോര്‍പറേഷനെതിരെയുള്ള വിമര്‍ശനം. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം വാരി വിതറി വെള്ളം തളിക്കാതെ തീ കെടില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹിറ്റാച്ചികളെത്തിച്ചാല്‍ രണ്ട് ദിവസം കൊണ്ട് തീ നിയന്ത്രിക്കാം. നിലവിലത്തെ സാഹചര്യത്തില്‍ തീ കെടുത്തിയാലും വീണ്ടും കത്തുമെന്നും ഫയര്‍ഫോഴ്‌സ് പറഞ്ഞു.

കുണ്ടന്നൂര്‍, വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഇന്നും പുക മൂടിയിരിക്കുകയാണ്. ദേശീയ പാതയിലും പുക രൂക്ഷമാണ്. ബ്രഹ്‌മപുരത്തെ തീപിടുത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനം വരും.

ബ്രഹ്‌മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്. അതേസമയം പ്രദേശങ്ങളിലേയും സ്‌കൂളുകള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി.

Advertisement
Continue Reading