കേരളം
മാസപ്പടി കേസ്: നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍; വിജിലന്‍സ് അന്വേഷണത്തില്‍ നിന്നു പിന്മാറി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ മാസപ്പടി കേസില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന മുന്‍ ആവശ്യത്തില്‍ നിന്നാണ് മാത്യു കുഴല്‍നാടന്‍ പിന്മാറിയത്. കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നാണ് കുഴല്‍നാടന്‍ അറിയിച്ചത്.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴായിരുന്നു മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം. ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂ എന്ന് കോടതി കുഴല്‍നാടനോട് വാക്കാല്‍ ആവശ്യപ്പെട്ടു. കോടതി ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെയാണ് മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം.
കേസില്‍ കോടതിയുടെ നേരിട്ടുള്ള അന്വേഷണം മതിയെന്നാണ് മാത്യു കുഴല്‍നാടന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഈ നിലപാടു മാറ്റത്തിലൂടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമായെന്നും, ഹര്‍ജി തള്ളണമെന്നും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി കേസ് ഈ മാസം 12 ലേക്ക് മാറ്റി.
ധാതു മണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്കു അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. മുഖ്യമന്ത്രി, മകൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് മാത്യു കുഴൽനാടൻ എംഎൽഎ ഹർജി ഫയൽ ചെയ്തത്.
വിജിലൻസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ല. അതിനാൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്. ആരോപണങ്ങൾ വിജിലൻസ് നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന വാദമുയർത്തി സർക്കാർ ഹർജിയെ എതിർത്തിരുന്നു.