കേരളം
‘മാത്യു കുഴൽ നാടന്റെ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണം’: സിപിഎം
മാത്യു കുഴൽ നാടൻ എം.എൽ.എ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഒഴികെ എല്ലാവരുടേയും പേരിൽ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽ നാടൻ. വിഷയത്തിൽ സി.പി.എം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎൻ മോഹനൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണം തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎബേബി രംഗത്തെത്തി. വിവാദത്തിന് പിന്നിൽ ഗൂഡാലചനയുണ്ട്. കേന്ദ്ര ഏജൻസി ടാർജറ്റ് ചെയ്ത റിപ്പോർട്ടാണ് പുറത്തു വിട്ടത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നത് അപഹാസ്യമായ ആക്ഷേപമാണ്. വിവാദത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ട്. ഓരോ സന്ദർഭത്തിലും പാർട്ടി ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ ഔദ്യോഗിക വിശദീകരണം വന്നു കഴിഞ്ഞു. യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം സംസ്ഥാന സെക്രട്ടറിയെ പോലെ വിവാദം അവഗണിച്ചുവിടുകയാണ് റിയാസും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ വാർത്താകുറിപ്പിനപ്പുറം ഇനി ഒന്നുമില്ല. ചോദ്യം ഉയർന്നാൽ വാർത്താസമ്മേളനം നിർത്തും, ക്ഷോഭിച്ച് ഒഴിഞ്ഞുമാറും അവഗണിക്കും. മാസപ്പടി അവഗണിച്ചുവിടാം എന്ന രാഷ്ട്രീയലൈൻ ആവർത്തിക്കുന്നു പാർട്ടിനേതാക്കളും മന്ത്രിമാരും. വീണക്ക് കിട്ടിയ പണം റിയാസിന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലല്ലോ എന്ന ചോദ്യം അടക്കം ഉയരുമ്പോഴും മറുപടി ഇല്ല.