കേരളം
മാതാ അമൃതാനന്ദമയി 2023 ലെ ജി-20 ഉച്ചകോടിയുടെ സിവിൽ സൊസൈറ്റി സെക്ടർ അധ്യക്ഷ
അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ അധ്യക്ഷയായി മാതാ അമൃതാനന്ദമയിയെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ആഗോള തലത്തിൽ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകൾക്കു വേണ്ടിയുള്ള ഒരു പ്രധാന ഇന്റർ ഗവൺമെന്റൽ ഫോറമാണ് ജി-20.
സർക്കാർ, ബിസിനസ് ഇതര വിഷയങ്ങൾ ജി-20 നേതാക്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതിനായുള്ള വേദിയാണ് സി-20 സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ. 2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെയുള്ള ഒരു വർഷക്കാലമാണ് ഇന്ത്യ ജി-20 യുടെ നേതൃത്വം വഹിക്കുക. ന്യൂഡൽഹിയിൽ വച്ച് 2023 സെപ്റ്റംബർ 9 മുതൽ 10 വരെയാണ് ജി-20 നേതാക്കളുടെ ഉച്ചകോടി നടക്കുന്നത്.
സാധാരണക്കാരുടെ ശബ്ദത്തിന് ഇത്രയും ഉയർന്ന ഒരു പ്രാതിനിധ്യം നൽകിയതിന് ഇന്ത്യൻ ഗവൺമെന്റിനോടുള്ള നന്ദി പ്രകടിപ്പിക്കുന്നതായി ഇന്ത്യയുടെ സി 20 എൻഗേജ്മെന്റ് ഗ്രൂപ്പിന്റെ ചെയർ എന്ന നിലയിലുള്ള തന്റെ കർത്തവ്യം ഏറ്റെടുത്ത ശേഷം മാതാ അമൃതാനന്ദമയി പറഞ്ഞു. സത്സംഗ് ഫൗണ്ടേഷൻ സ്ഥാപകൻ എം, ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർ സുധാ മൂർത്തി എന്നിവരും രാംഭൗ മൽഗി പ്രബോധിനി, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നിവയും ഇതിൽ അംഗങ്ങളാണ്.