കേരളം
‘യോഗിയുടെ സമൂഹ വിവാഹ പദ്ധതിയിൽ തട്ടിപ്പ്’; സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേർ അറസ്റ്റിൽ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സമൂഹ വിവാഹ പദ്ധതിയിൽ നടന്ന ക്രമക്കേടുകളിൽ അറസ്റ്റ്. സമൂഹ വിവാഹ തട്ടിപ്പിൽ 15 പേർ അറസ്റ്റിൽ. 568 യുവതികളുടെ വിവാഹമാണ് ഒരു വേദിയിൽ വെച്ച് നടന്നത്. എൻഡി ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ജനുവരി 25നാണ് സംഭവം. വധുക്കൾ കല്യാണമണ്ഡപത്തിൽ വരനില്ലാതെ ഇരിക്കുന്നതിന്‍റെയും, സ്വയം താലി ചാർത്തുന്നതിന്‍റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പദ്ധതിയിൽ നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പലരും രംഗത്ത് വന്നത്.
വധൂവരന്മാരായി വേഷമിടാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും 500 രൂപ മുതൽ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ചില സ്ത്രീകൾക്ക് വരന്മാരില്ലായിരുന്നു. അവർ തന്നെയാണ് താലിയിട്ടത്. ചടങ്ങ് കാണാനെത്തിയ 19 കാരനെയും പണം നൽകി സ്റ്റേജിൽ വരനായി ഇരുത്തിയെന്നും ആരോപണം ഉയർന്നിരുന്നു. നേരത്തെ വിവാഹം കഴിച്ചവരും സമൂഹവിവാഹത്തിൽ വീണ്ടും വിവാഹിതരാകാൻ എത്തിയിരുന്നെന്നും പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പദ്ധതിയിൽ പങ്കെടുക്കുന്ന ദമ്പതികൾക്കായി 51,000 രൂപ സർക്കാർ നൽകുന്നുണ്ട്. ഇത് തട്ടിയെടുക്കാൻ വിവാഹം കഴിഞ്ഞവർ ഉൾപ്പെടെ ഈ വേദിയിൽ ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. അറസ്റ്റിലായ 15 പേരിൽ രണ്ടുപേർ സർക്കാർ ഉദ്യോഗസ്ഥരാണ്. സമൂഹവിവാഹചടങ്ങിന് ശേഷം പണം കൈമാറുന്നതിന് തൊട്ടുമുമ്പാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ അധികൃതർ നിയോഗിക്കുകയും ചെയ്തു. പൂർണ്ണമായ അന്വേഷണം നടക്കുന്നത് വരെ ഗുണഭോക്താക്കൾക്ക് ഒരു ആനുകൂല്യവും കൈമാറില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.