കേരളം
മറുനാടന്‍ മലയാളി അവതാരകന്‍ സുദര്‍ശന്‍ നമ്പൂതിരി അറസ്റ്റില്‍
മറുനാടന്‍ മലയാളി അവതാരകന്‍ സുദര്‍ശന്‍ നമ്പൂതിരി അറസ്റ്റില്‍, സുദർശൻ നമ്പൂതിരി നേരത്തെ ജോലി ചെയ്തിരുന്ന ഭാരത് ലൈവ് എന്ന ഓണ്‍ചാനലില്‍ സ്ത്രീത്വത്തെ അപമാനിച്ച് വാര്‍ത്ത അവതരിപ്പിച്ചു എന്ന കേസില്‍ ഓൺലൈൻ മാധ്യമമായ മറുനാടന്‍ മലയാളിയിലെ അവതാരകന്‍ സുദര്‍ശന്‍ നമ്പൂതിരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെ പോർട്ടലിന്റെ തിരുവനന്തപുരത്തെ പട്ടത്തുള്ള ഓഫീസില്‍ എത്തിയാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റിഡിയിലെടുത്തത്.
ഇയാൾ നേരത്തെ ജോലി ചെയ്തിരുന്ന ഭാരത് ലൈവ് എന്ന ഓണ്‍ചാനലില്‍ പീഡനക്കേസിലെ അതീജീവിതയായ പെണ്‍കുട്ടിയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും വാര്‍ത്ത ചെയ്തുവെന്ന് പരാതി കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എഫ് ഐ ആറിൽ ഐപിസി 354എ , 509, 34 എന്നീ വകുപ്പുകളും ഐടി ആക്ടിലെ 66 ഇ, 67 എ എന്നീ വകുപ്പുകളും പട്ടികജാതി പട്ടികവർഗ പീഡനനിരോധന നിയമത്തിലെ 3(1)(r), 3(1)(s), 3(1)(w)(2) എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
മരിച്ചുപോയ മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് നടത്തിയിരുന്ന ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനല്‍ വഴി ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട ഒരു യുവതിയുടെ സ്വകാര്യ വീഡിയോ പ്രദര്‍ശിപ്പിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. ഇരയുടെ ചിത്രവും പടവും ഉപയോഗിച്ച് അവര്‍ക്ക് മാനഹാനി വരുത്തുന്ന രീതീയില്‍ വാര്‍ത്ത അവതിരിപ്പിച്ചുവെന്നാണ് കേസ്. ഇതിനെതിരെ യുവതി പരാതി നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. മുൻകൂർ ജാമ്യത്തിനായി ആദ്യം സെഷൻസ് കോടതിയെ സമീപിച്ചപ്പോൾ ജഡ്ജ് ഹണി എം വർഗീസ് ഇവരുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അതിനുശേഷം ഹൈക്കോടതിയിൽ ജസ്റ്റിസ് വിജി അരുൺ ഹർജി തള്ളുന്നതിനൊപ്പം രൂക്ഷമായ പരാമർശവും നടത്തിയിരുന്നു. പരാതിക്കാരിയുടെ സ്വകാര്യത വെളിവാകുന്നതരത്തിലുള്ള വീഡിയോ പ്രസിദ്ധീകരിച്ചത് ഗുരുതരമായ കുറ്റമാണെന്ന് ജസ്റ്റിസ് നിരീക്ഷിച്ചു.
അതേസമയം പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്‍ സ്‌കറിയയുടേതെന്നു വിമര്‍ശിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഹർജി പരിഗണിച്ചത്. കുന്നത്ത് നാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ എളമക്കര പോലിസാണ് ഷാജനെതിരേ കേസെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയും ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.
അറസ്റ്റ് തടയാന്‍ ഉത്തരവിടാത്ത കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് പറഞ്ഞ ഹൈക്കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി.