കേരളം
ശ്രീലക്ഷ്മിയുടെ അച്ഛൻ ആഗ്രഹിച്ചതുപോലെ വിവാഹം നടക്കും; പ്രതികരിച്ച് പ്രതിശ്രുത വരൻ
സന്തോഷം നിറഞ്ഞുനിൽക്കേണ്ട വീട്ടിലെ ദാരുണ സംഭവത്തിന്റെ ഞെട്ടൽ മാറാതെ തിരുവനന്തപുരം വടശേരിക്കോണം ഗ്രാമം. മകളുടെ കൈ പിടിച്ചു വരന് നൽകുന്ന ധന്യമുഹൂർത്തത്തിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അക്രമികളുടെ അടിയേറ്റു മരിച്ച വലിയവിളാകം ശ്രീലക്ഷ്മിയിൽ രാജുവിന്റെ ദാരുണാന്ത്യത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.
ശ്രീലക്ഷ്മിയുടെ പ്രതിശ്രുത വരൻ സംഭവമറിഞ്ഞ സമയം മുതൽ രാജുവിന്റെ സംസ്കാര ചടങ്ങിലും മറ്റും സജീവ സാന്നിദ്ധ്യമായിരുന്നു. ശ്രീലക്ഷ്മിയുടെ പിതാവ് ആഗ്രഹിച്ചതുപോലെ വിവാഹം നടത്താനും കുടുംബത്തെ സംരക്ഷിക്കാനും തയ്യാറാണെന്ന് പ്രതിശ്രുത വരൻ പറഞ്ഞു. വിവാഹത്തലേന്ന് സംഭവിച്ച ദുരന്തത്തിൽ പതറാതെ ആ യുവാവ് രാജുവിന്റെ കുടുംബത്തിന് ആശ്വാസമായി ഒപ്പമുണ്ട്.
സംഭവത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും. ഇതിനായി കോടതിയിൽ ഇന്നലെ പൊലീസ് അപേക്ഷ നൽകി. ഇന്ന് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കാനാണ് സാദ്ധ്യത. നാട്ടുകാരുടെ പ്രതികരണം അതിരുവിടുമോയെന്ന ആശങ്കയിൽ ശക്തമായ സുരക്ഷയിലായിരിക്കും പൊലീസ് പ്രതികളെ തെളിവെടുപ്പിനെത്തിക്കുക. രാജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഇപ്പോഴും ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധിപ്പേരെത്തുന്നുണ്ട്.
അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവവുമാണെന്ന് ഇന്നലെ വീട് സന്ദർശിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ ജയയെയും മകൾ ശ്രീലക്ഷ്മിയെയും മകൻ ശ്രീഹരിയെയും കണ്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജയ ആശാവർക്കറാണ്, മകൾക്ക് സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ജീവിതം സ്വപ്നം കണ്ട ആ അച്ഛന് ഇനിയത് കാണാൻ കഴിയില്ല. സന്തോഷം നിറഞ്ഞുനിൽക്കുന്ന വീട്ടിൽ ക്രൂരമായ കൊലപാതകത്തിലൂടെ മരണത്തിന്റെ ദുഃഖം നിറച്ച മനോവികാരം എത്ര അധമമാണ്. പ്രതികൾക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കത്തക്ക നിലയിൽ അന്വേഷണവും കേസ് നടത്തിപ്പും ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒ.എസ്. അംബിക എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.