കേരളം
മരയ്ക്കാർ തിയേറ്ററുകളിലേക്ക്; ഡിസംബർ 2ന് റിലീസ്
മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ റിലീസ് ചെയ്യാൻ ധാരണയായി. ഡിസംബർ രണ്ടിന് തിയേറ്റർ റിലീസ് ഉണ്ടാവും. ഉപാധികൾ ഇല്ലാതെയാണ് റിലീസ് എന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. സിനിമാ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം.
സർക്കാരിനും സിനിമാ വ്യവസായത്തിനും ഗുണകരമായ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻപ് തീരുമാനിച്ച പ്രകാരം ഡിസംബർ 31 വരെ സിനിമാ ടിക്കറ്റിന് വിനോദ നികുതി ഒഴിവാക്കി തിയേറ്ററുകളിൽ കപ്പാസിറ്റിയുടെ 50 ശതമാനം പേർക്കു മാത്രം പ്രവേശനം ഉണ്ടാവും.
തിയേറ്റർ ഉടമകളുമായി ധാരണയിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം 150 തിയേറ്ററുകളുടെ കൂട്ടായ്മ ചിത്രം ബിഗ് സ്‌ക്രീനിൽ റിലീസ് ചെയ്യുന്നതിനായി നിർമ്മാതാക്കളുമായി ചർച്ച ആരംഭിച്ചതായി റിപോർട്ടുകൾ പ്രചരിച്ചു.
സാധാരണയായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിന് ശേഷം OTT പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യാൻ അനുവാദമുണ്ട്. മരയ്ക്കാറിന്റെ കാര്യത്തിൽ, നിർമ്മാതാക്കളുമായി ചർച്ച ആരംഭിച്ച തിയേറ്റർ ഉടമകൾ, ആ കാലയളവിന് വളരെ മുമ്പുതന്നെ ചിത്രം OTT പ്ലാറ്റ്‌ഫോമിലേക്ക് അയയ്ക്കാൻ തയ്യാറാണെന്ന നിലയിൽ റിപോർട്ടുകൾ വന്നിരുന്നു.
ഇനി ഈ രീതിയിലാവുമോ മരയ്ക്കാർ റിലീസ് തിയേറ്ററിലെ ഒടിടിയിലുമായി നടക്കാനിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.ക്രിസ്മസ് പ്രമാണിച്ച് പ്രദർശനങ്ങൾ വർധിപ്പിക്കാൻ തിയറ്റർ ഉടമകൾ സർക്കാരിന്റെ അനുമതി തേടിയേക്കും. ബിഗ് ബജറ്റ് റിലീസുകൾ കൊണ്ട് മാത്രമേ തിയേറ്ററുകളിലേക്ക് ജനക്കൂട്ടത്തെ ആകർഷിക്കാനാകൂ എന്നാണ് എല്ലാ തിയേറ്റർ ഉടമകളുടെ സംഘടനകളുടെയും അഭിപ്രായം.