കേരളം
മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയായി
മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പുലൈന്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായി. അവസാന കടമ്പയായ കാസര്‍കോട് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റര്‍ ദൂരത്ത് പൈപ്പുലൈന്‍ സ്ഥാപിച്ചത് ശനിയാഴ്ച രാത്രി. ഒരാഴ്ചയ്ക്കുള്ളില്‍ മംഗളൂരുവിലെ വ്യവസായശാലകളില്‍ വാതകമെത്തും.
ഗെയില്‍ പൈപ്പുലൈന്‍ കേരളത്തിലൂടെ കടന്നുപോകുന്നത് 510 കിലോമീറ്ററാണ്. ഇതില്‍ 470 കിലോമീറ്റര്‍ ലൈന്‍ സ്ഥാപിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. യുഡിഎഫ് കാലത്ത് പൂര്‍ത്തിയാക്കിയത് 40 കിലോമീറ്ററും. പദ്ധതിക്ക് ഏകജാലക അനുമതി നല്‍കിയത് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ്.
കൊച്ചിയിലെ വ്യവസായശാലകള്‍ക്കു പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പുലൈന്‍ വിന്യാസമായിരുന്നു ആദ്യഘട്ടം. ഇത് 2010ല്‍ തുടങ്ങി 2013 ആഗസ്ത് 25ന് കമീഷന്‍ ചെയ്തു. രണ്ടാംഘട്ടമായ കൊച്ചി–മംഗളൂരു പൈപ്പുലൈനാണ് (450 കിലോമീറ്റര്‍) ശനിയാഴ്ച പൂര്‍ത്തിയായത്. ഇത് ഡിസംബര്‍ ആദ്യം കമീഷന്‍ ചെയ്യും. ബംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട്‌വാളയാര്‍ പൈപ്പുലൈനും (94 കിലോമീറ്റര്‍) പൂര്‍ത്തിയായി. 2021 ജനുവരിയില്‍ കമീഷന്‍ ചെയ്യും.
5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാം. വാഹനങ്ങള്‍ക്ക് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎന്‍ജി) ലഭിക്കുന്നതോടെ ഇന്ധനച്ചെലവ് ശരാശരി 20 ശതമാനം കുറയും.