കേരളം
മാനസ കൊലപാതകത്തിൽ പ്രതികളെ ഇന്റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്തു
കോതമംഗലത്ത് മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മനീഷ് കുമാര്‍, സോനു കുമാര്‍ എന്നിവരെ ഇന്റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്തു. പ്രതി രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശി സോനു കുമാര്‍ മോദിയെയും പട്നയില്‍ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവര്‍ മനീഷ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നാണ് സോനു കുമാറിനെ പിടികൂടിയത്. മുനവറില്‍ നിന്നാണ് പൊലീസ് മനീഷ് കുമാറിനെ പിടികൂടിയത്.പിടിയിലായ സോനുകുമാര്‍ മോദി കേരളത്തിലേക്ക് തോക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ്.
രഖിൽ ഇവരെക്കുറിച്ച് അറിയുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലൂടെ ആണെന്നാണ് പൊലീസ് നിഗമനം. കേസിലെ പ്രതികള്‍ കേരളത്തിലേക്ക് കൂടുതല്‍ തോക്കുകള്‍ എത്തിച്ചതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇരുപതോളം തോക്കുകള്‍ കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പൊലീസിന് മൊഴിയും നല്‍കിയിട്ടുണ്ട്.