കേരളം
മാനവീയം നൈറ്റ് ലൈഫിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍
മാനവീയം നൈറ്റ് ലൈഫിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍.
കരമന സ്വദേശി ശിവയെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം രാത്രിയാണ് മാനവീയം വീഥിയില്‍ സംഘര്‍ഷം ഉണ്ടായത്. പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നതോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഘര്‍ഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വെക്കുന്നതും വീഡിയോയിലുണ്ട്.
മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ സംഘര്‍ഷങ്ങള്‍ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആരും പരാതിയുമായി സമീപിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പരിശോധനകള്‍ പൊലീസ് കടുപ്പിച്ചിരുന്നു. റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും. ഡ്രഗ് കിറ്റ് കൊണ്ടുഉള പരിശോധന നടത്തും. സംശയമുളളവരെ മാത്രമാകും കിറ്റ് ഉപയോഗിച്ചുള്ള പരിശോധന നടത്തുകയെന്നും എല്ലാവരെയും പരിശോധിക്കില്ലെന്നും പൊലീസ് അറിയിച്ചു. രാത്രി 11 മണിക്ക് ശേഷം രണ്ട് വാഹനങ്ങളില്‍ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കും. സംഘര്‍ഷമുണ്ടായാല്‍ പരാതിയില്ലെങ്കിലും കേസെടുക്കും. മാനവീയം വീഥിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കുമെന്നും പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.