കേരളം
ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം മലയാളിയുടെ 72 മണിക്കൂറുകള്‍
ഒരു വലിയ രാഷ്ട്രീയ സമൂഹത്തിലെ കൊളോസസിന് ഇത്രയും ലാളിത്യത്തിലായിരിക്കാന്‍ കഴിയുമോ? കുഞ്ഞൂഞ്ഞെന്ന പേരുപോലെ, മൂന്നോ നാലോ വരകളില്‍ കാരിക്കേച്ചറില്‍ ഒതുക്കാനാകുന്ന വിധത്തില്‍, കൊച്ചുകുഞ്ഞിന് പോലും അനുകരിക്കാനാകുന്ന മുഖഭാവങ്ങളോടെ, ഒരു വന്മരത്തിന് ഇത്രയാഴത്തില്‍ വേരുകള്‍ ആഴ്ത്താനാകുമോ? 72 മണിക്കൂറോളം ആളുകളെ കരയിച്ചുകൊണ്ടാണ് ആള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ അലിയുന്നത്. പുതുപ്പള്ളി വീട്ടില്‍ നിന്ന് പുതുപ്പള്ളിയിലേക്കുള്ള 28 മണിക്കൂര്‍ യാത്രയ്ക്കിടെ മഴയേയും വെയിലിനേയും സമയത്തേയും അവഗണിച്ച് ഉമ്മന്‍ ചാണ്ടിയെ പൊതിഞ്ഞത് ലക്ഷങ്ങള്‍. ചെന്ന് നിന്നയിടങ്ങളെല്ലാം സമ്മേളന വേദികള്‍ പോലെ വെളിച്ചമുള്ളതാക്കിയ ആ മനുഷ്യനെക്കാത്ത് ഒരു പൂവെങ്കിലും എറിഞ്ഞ് ആദരമര്‍പ്പിക്കാന്‍ തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും കോട്ടയത്തുമുള്ള റോഡിനിരുവശവും ജനസാഗരമിരമ്പി.
ജനസാഗരത്തില്‍ തട്ടി സ്വന്തം ജീവിതത്തിലെ സമയമാകെ ചിതറിത്തെറിച്ച ഒരു മനുഷ്യന്റെ അന്ത്യയാത്രയും വ്യത്യസ്തമായിരുന്നില്ല. ആദരവോടെ കാത്തുനില്‍ക്കുന്ന അവസാന മനുഷ്യനേയും കണ്ടുതീര്‍ത്തേ വിശ്രമിക്കൂ എന്ന് ശഠിച്ച ജനനേതാവിന് എന്തുകൊണ്ടും അനുയോജ്യമായ അന്ത്യയാത്ര.
ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍ വച്ച് അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ബംഗളൂരുവില്‍ മുന്‍മന്ത്രി ടി ജോണിന്റെ വസിതിയില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് , നിറചിരിയില്ലാതെ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തെത്തിയത്. ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശനം മണിക്കൂറുകള്‍ നീണ്ടുനിന്നു. ദര്‍ബാര്‍ ഹാളിലും തുടര്‍ന്ന് ഇന്ദിരാ ഭവനിലും വിലാപ യാത്രയായി ഉമ്മന്‍ ചാണ്ടിയെത്തുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ വലംവച്ച് നിന്നപ്പോള്‍ ആ രാത്രിയില്‍ ആ വേദിയെയാകെ പൊതിഞ്ഞത് തടിച്ചുകൂടി വിതുമ്പിനിന്ന ജനമാണ്. കണ്ണേ കരളേ ഉമ്മന്‍ ചാണ്ടി, ഇല്ല, ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ എന്ന് വിളിച്ചത് ഹൃദയത്തില്‍ നിന്നുമായിരുന്നു.