കേരളം
ഗാനന്ധർവൻ യേശുദാസിന് ഇന്ന് 81ാം ജന്മദിനം, സ്നേഹാദരങ്ങൾ പങ്കുവച്ച് സംഗീതലോകം
ഗാനന്ധർവൻ യേശുദാസിന് ഇന്ന് 81ാം ജന്മദിനം. എന്നാൽ പതിവ് തെറ്റിച്ച് ഇക്കുറി പിറന്നാളാഘോഷിക്കാൻ യേശുദാസ് മൂകാംബിക ദേവിയുടെ സന്നിധിയിലെത്തില്ല. കഴിഞ്ഞ 48 വർഷമായി മുടങ്ങാതെ തന്റെ പിറന്നാൾ കുടുംബ സമേതം, മൂകാംബിയമ്മയുടെ അടുത്താണ് ഭജനയിരുന്ന് കൊണ്ടാടിയിരുന്നത്. എന്നാൽ ഇത്തവണ ആ പതിവില്ല. കൊറോണ സാഹചര്യം കണക്കിലെടുത്താണ് യേശുദാസ് ഇത്തവണ ക്ഷേത്ര ദർശനം മാറ്റിവച്ചത്.
അമേരിക്കയിലാണ് അദ്ദേഹം ഇപ്പോൾ. തന്റെ സുഹൃത്തും ഗാനരചയിതാവുമായ ആർ.കെ ദാമോദരനുമായുള്ള ഫോൺ സംഭാഷണത്തിലാണ് മൂകാംബിക ദേവിയുടെ സന്നിധിയിലെത്താനാവില്ലെന്ന വിവരം അദ്ദേഹം അറിയിച്ചത്.
ഈ ജനുവരി 10 ന് ജൻമദിനവും ജനുവരി 13 ന് പിറന്നാളും അടുത്തടുത്ത് വരുന്നതിനാൽ ഈ ദിവസങ്ങളിൽ മൂകാംബിക സന്നിധിയിലുണ്ടാകണമെന്ന ആഗ്രഹം രണ്ട് മാസം മുൻപ് വിളിച്ചപ്പോൾ അദ്ദേഹം ദാമോദരനുമായി പങ്കുവച്ചിരുന്നു. വരാനാവില്ലെങ്കിലും ദമ്പതീ സമേതം ചെയ്യേണ്ട ചണ്ഡികാഹോമം ഒഴിച്ചുള്ള പിറന്നാൾ പൂജാകർമങ്ങളെല്ലാം നടത്താൻ മുഖ്യ അർച്ചകൻ ഗോവിന്ദ അഡിഗയെ ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡാളസ്സിലെ വീട്ടിലെ പൂജാ മുറിയിൽ വിളക്ക് കൊളുത്തി ജപ ധ്യാന ഗാനാരാധന ചെയ്യുമെന്നും പ്രാർഥനാനിരതനായി ദേവീ ക്ഷേത്ര ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മാർച്ചിൽ വിമാന സർവീസ് ആരംഭിക്കുന്നതോടെ യേശുദാസ് നാട്ടിലെത്തും.
അതേസമയം പിറന്നാളിനോട് അനുബന്ധിച്ച് സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂകാംബിക സംഗീതോത്സവം തന്റെ അസാന്നിധ്യത്തിൽ പതിവ് പോലെ നടക്കുമെന്നും യേശുദാസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകന്‍ കെ.ജെ യേശുദാസ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തെ സ്‌നേഹിക്കാത്ത മലയാളികളില്ല.
ഗാനഗന്ധർവ്വന് പിന്മുറക്കാരുടെ സംഗീത സമ്മാനം. ശ്വേതാ മോഹൻ ആദ്യമായി സംഗീത സംവിധായികയാകുന്നു, ഗാനഗന്ധർവനുള്ള ആദരത്തിലൂടെ. 28 ഗായകർ കൈകോർക്കുന്ന സംഗീത വീഡിയോയുടെ വരികൾ ഹരിനാരായണന്റേതാണ്, സംഗീതം ശ്വേതാ മോഹൻ.
പലകാലങ്ങൾ, ഒരേ ഒരു ശബ്ദം. മറ്റുള്ളവരിൽ നിന്ന് യേശുദാസിനെ വ്യത്യസ്തനാക്കുന്നത് എന്താണെന്നു ചോദിച്ചാൽ യേശുദാസ് ഒന്നേയുള്ളൂ എന്ന് മാത്രമായിരിക്കും ഉത്തരം.
കട്ടപ്പറമ്പില്‍ ജോസഫ് യേശുദാസ് എന്ന ഗായകന്‍, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്‍റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്‍റെ ഭാഗമാണ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്‍റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരം. 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും ഈ അതുല്യഗായകന്‍ തന്റെ അവിതര്‍ക്കമായ സാന്നിദ്ധ്യം അറിയിച്ചു.
അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.
ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.
1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. മദ്രാസിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റെക്കോർഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയിൽ പിന്നീടു കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്.
മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ (എട്ടു തവണ) നേടിയ യേശുദാസ് കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.