കേരളം
പ്രത്യാശയുടെ പുതുവര്‍ഷ പിറവി; ഇന്ന് ചിങ്ങം ഒന്ന്
ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങൾക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികൾക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു.
ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാർഷിക സംസ്‌കാരത്തിന്റെയും പൊന്നോണം കൊണ്ടാടുന്നതിന്റെ ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കേരളക്കരയിൽ ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്.
കഴിഞ്ഞ രണ്ട് വർഷവും പ്രളയ ഭീകരതകൾക്ക് നടുവിലായിരുന്നു ചിങ്ങപ്പുലരി. കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ക്കും, കാര്‍ഷിക മേഖലക്കും പ്രതീക്ഷയുടെ പുതുവത്സരമാണിത്. പോയ്മറഞ്ഞ സ്വപ്നങ്ങളെയൊക്കെ തിരികെപ്പിടിക്കാമെന്ന വിശ്വാസമാണ് ഈ ഓണക്കാലത്ത് മുന്നോട്ടുള്ള പ്രയാണത്തില്‍ കരുത്തേകുന്നത്. കള്ളപ്പറയും ചെറുനാഴിയുമൊന്നുമില്ലാത്ത ആ നല്ല നാളുകളെ ഓര്‍മപ്പെടുത്തുന്ന ഈ പൊന്നിന്‍ചിങ്ങം നമ്മുടെ ഇന്നലെകളെ തിരികെയെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.