കേരളം
മലമ്പുഴ ഡാം നാളെ തുറന്നേക്കും; കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ ജാഗ്രതാനിര്‍ദേശം
നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മലമ്പുഴ ഡാം നാളെ തുറന്നേക്കും. ജലനിരപ്പ് റൂള്‍ കര്‍വ് ലെവലില്‍ എത്തിയാല്‍ നാളെ രാവിലെ ഒന്‍പതുമണിക്ക് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ സാധ്യതയുണ്ടെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ അറിയിച്ചു. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
112.06 മീറ്ററാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. റൂള്‍ കര്‍വ് ലെവല്‍ 112.99 മീറ്ററാണ്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് റൂള്‍ കര്‍വ് ലെവല്‍ എത്തുവാന്‍ സാധ്യതയുണ്ട്. ഈ ലെവലില്‍ എത്തുന്ന മുറയ്ക്ക് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ ഒന്‍പത് മണിക്ക് തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുവാന്‍ സാധ്യതയുണ്ടെന്നാണ് കലക്ടറുടെ മുന്നറിയിപ്പില്‍ പറയുന്നത്.
മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ, എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവരും മീന്‍ പിടിത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും കലക്ടറുടെ മുന്നറിയിപ്പില്‍ പറയുന്നു.