കേരളം
മേജർ രവി കോൺഗ്രസിലേക്ക് !
സംസ്ഥാനത്തെ ബി ജെ പി നേതാക്കളുമായി തെറ്റിപിരിഞ്ഞു നിൽക്കുന്ന ചലച്ചിത്ര സംവിധായകൻ മേജർ രവി കോൺഗ്രസിലേക്കെന്ന് സൂചന.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ മേജർ രവി പങ്കെടുക്കും. യാത്ര ഇന്ന് രാവിലെ തൃപ്പൂണിത്തുറയിൽ എത്തിച്ചേരുമ്പോഴാകും അദ്ദേഹം കോൺഗ്രസ് വേദിയിലേക്ക് എത്തുക. ഇതിനു മുന്നോടിയായി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഐശ്വര്യ കേരളയാത്രയുടെ മറ്റ് വേദികളിലും മേജർ രവി പങ്കെടുത്തേക്കുമെന്ന് വിവരമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബി ജെ പിയുമായി ബന്ധപ്പെട്ടാണ് മേജർ രവി പ്രവർത്തിച്ചിരുന്നത്. സംസ്ഥാനത്തെ ബി ജെ പി നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി മേജർ രവി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് രംഗത്തെത്തിയിരുന്നു.
തൊണ്ണൂറ് ശതമാനം ബി ജെ പി നേതാക്കളും വിശ്വസിക്കാൻ കൊളളാത്തവരാണെന്നും തനിക്കെന്ത് കിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉളളതെന്നും മേജർ രവി പറഞ്ഞിരുന്നു.