ദേശീയം
അഞ്ച് തലങ്ങളിലായി ലോക്ക്ഡൗൺ നിയന്ത്രണം ഒഴിവാക്കാൻ മഹാരാഷ്ട്ര
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അഞ്ച് തലങ്ങളിലായി ഒഴിവാക്കാൻ മഹാരാഷ്ട്ര. ജില്ലകളെ അഞ്ചായി തിരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ഓക്സിജൻ കിടക്കകളുടെ ഉപയോഗത്തിന്റെയും അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതലാണ് പുതിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങുക.
പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയുള്ളതും 25 ശതമാനത്തിൽ താഴെ മാത്രം ഓക്സിജൻ കിടക്കകൾ രോഗികൾ രോഗികൾ ഉപയോഗിക്കുന്നതുമായ ജില്ലകളിൽ നിന്ന് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കും. റസ്റ്ററന്റുകൾ, മാളുകൾ, സലൂണുകൾ, തിയറ്ററുകൾ, കടകൾ എന്നിവയ്ക്ക് ഈ ജില്ലകളിൽ തുറന്നു പ്രവർത്തിക്കാവുന്നതാണ്. ഈ ഗ്രൂപ്പിൽ 18 ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ടാമത്തെ ഗ്രൂപ്പിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയുള്ള ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും 25 മുതൽ 40 ശതമാനം വരെ ഓക്സിജൻ കിടക്കകൾ ഉപയോഗത്തിലുള്ള ജില്ലകളാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെടുക. ഈ സ്ഥലങ്ങളിൽ സിനിമാ ഷൂട്ടിംഗിനും കടകൾക്കും പ്രവർത്തനാനുമാതി നൽകും. എന്നാൽ, റസ്റ്ററന്റുകൾ, ജിം, സലൂൺ എന്നിവയ്ക്കും ഭാഗിക നിയന്ത്രണം ഉണ്ടായിരിക്കും.
50% പേരെ ഉൾപ്പെടുത്തിയുള്ള വിവാഹങ്ങളും കൂടിച്ചേരലുകളും അനുമതിയുണ്ട്. ഈ സ്ഥലങ്ങളിൽ ഓഫിസുകളും തുറന്നു പ്രവർത്തിക്കുന്നതാണ്. അതേസമയം, മുംബൈയിൽ ലോക്കൽ ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല. ബസുകളിൽ യാത്രക്കാരെ നിർത്തികൊണ്ടു പോകാനും അനുമതിയുണ്ടാകില്ല.
അഞ്ച് മുതൽ 10 വരെ പോസിറ്റിവിറ്റി നിരക്കുള്ളതും 40-60 ശതമാനം ഓക്സിജൻ കിടക്കകൾ ഉപയോഗത്തിലുള്ള ജില്ലകൾ മൂന്നാം ഗ്രൂപ്പിലും കോവിഡ് വ്യാപനം അതിലും രൂക്ഷമായ ജില്ലകൾ മറ്റ് രണ്ടു ഗ്രൂപ്പുകളിലുമാണു വരുന്നത്. ഇവിടെ നിയന്ത്രണങ്ങൾക്ക് യാതൊരു വിധ ഇളവുകളും അനുവദിക്കുന്നതല്ല.