കേരളം
മധു വധക്കേസ്; മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്താന്‍ ഉത്തരവ്
അട്ടപ്പാടി മധു കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്താന്‍ ഉത്തരവ്. രണ്ട് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടുകളും ഹാജരാക്കാനാണ് ഉത്തരവ്. റിപ്പോര്‍ട്ട് തയ്യാറാക്കിയവരെ വിസ്തരിക്കും. മണ്ണാര്‍ക്കാട് എസ് എസ്ടി കോടതിയുടേതാണ് വിധി.
കേസ് ഫയലിന്റെ ഭാഗമാകേണ്ട രണ്ട് മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിളിച്ചു വരുത്തണമെന്നാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് ആയിരുന്ന രമേശ്, ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരുടെ അന്വേഷ റിപ്പോര്‍ട്ടുകളാണ് കോടതിയിലേക്ക് വിളിച്ചുവരുത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
ഏഴാം തീയതിക്ക് മുമ്പ് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് രണ്ടും കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. നാല് വര്‍ഷം മുമ്പ് നടന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. അത് ഇതുവരെ കേസ് ഫയലിനൊപ്പം ചേര്‍ന്നിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്ക് ശേഷം കോടതിയില്‍ വലിയ വാദപ്രതിവാദം നടന്നു. എന്തിനാണ് ഈ റിപ്പോര്‍ട്ടിന്‍മേല്‍ കോടതി സമയം ചെലവഴിക്കുന്നത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.