ക്രൈം
പതിമൂന്നുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 61 വര്‍ഷം കഠിനതടവ്
പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അധ്യാപകന് 61 വര്‍ഷവും മൂന്നുമാസവും കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പിവീട്ടില്‍ മുഹമ്മദ് ആഷിക്കിനെ(40)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ടുവകുപ്പുകള്‍ പ്രകാരം 55 വര്‍ഷവും മൂന്നുമാസവും കഠിനതടവും ഒരുലക്ഷം രൂപ പിഴയുമുണ്ട്. കൂടാതെ പോക്സോ നിയമത്തിലെ വകുപ്പുപ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഒരുവര്‍ഷം കഠിനതടവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും മൂന്നുമാസവും അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ അതിജീവിതയ്ക്ക് ഒരുലക്ഷം രൂപ നല്‍കാനും ഉത്തരവായി.
കൂടാതെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍നിന്ന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും നിര്‍ദേശിച്ചു.
2022-ല്‍ പെരിന്തല്‍മണ്ണ പോലീസാണ് കേസെടുത്തത്. പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐ. സി.കെ. നൗഷാദ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.