കേരളം
മധു കൊലക്കേസ്; കുടുംബം നിര്‍ദേശിക്കുന്ന അഭിഭാഷകനെ പബ്ലിക് പ്രോസിക്യൂട്ടറാക്കും
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ മാറ്റും. കേസില്‍ ഹാജറാവുന്നതില്‍ നിന്നും തുടര്‍ച്ചയായി വിട്ടുനിന്ന നടപടിക്ക് പിന്നാലെ കോടതിയുള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. താല്പര്യമുള്ള മൂന്ന് പേരുടെ പേര് നിര്‍ദ്ദേശിക്കാന്‍ മധുവിന്റെ കുടുംബത്തോട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
പഴയ പ്രോസിക്യൂട്ടര്‍ തന്നെ തുടരണമെങ്കില്‍ അതും പരിഗണിക്കാമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കുന്നു. നിലവിലെ പ്രൊസിക്യൂട്ടര്‍ അഡ്വ.വി.ടി രഘുനാഥിന് ഒരു തവണ ഡി.ജി.പി താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തുടര്‍ച്ചയായ കോടതിയില്‍ ഹാജറാവാതെ വിട്ടുനില്‍ക്കുകയായിരുന്നു അഡ്വ.വിടി രഘുനാഥ്. അതിനാല്‍ കൊല നടത്തി നാല് വര്‍ഷം പിന്നിട്ടിട്ടും കേസില്‍ വിചാരണ പോലും ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴും മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി.
നേരത്തെ, കേസ് ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധമുയരവെ പ്രതികരണവുമായി നിയമമമന്ത്രി പി രാജീവും രംഗത്ത് എത്തിയിരുന്നു. കോടതിയില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാത്തത് ഗൗരവമായി കാണുന്നു. എന്നാല്‍ പ്രോസിക്യൂട്ടറെ മാറ്റണമോ എന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പ്രോസിക്യൂട്ടറിനെതിരെ കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും പി രാജീവ് പറഞ്ഞു.
അതേസമയം മധു കൊലക്കേസില്‍ നീതി തേടി കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ആദിവാസി യുവാവായ മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് നാല് വര്‍ഷമായിട്ടും വിചാരണ നടപടികള്‍ പോലും ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബത്തിന്റെ നീക്കം.
2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ എല്ലാ പ്രതികളും നിലവില്‍ ജാമ്യത്തിലാണ്.