കേരളം
നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി എംഎ യൂസഫലി
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കേസ് വളരെ സങ്കീർണമായതിനാൽ ഫലപ്രദമായി ഇടപെടാൻ കഴിയുമോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘വിവരം അറിഞ്ഞതു മുതല്‍ അധികൃതരുമായി സംസാരിക്കാറുണ്ടായിരുന്നു. എല്ലാവരുടെയും ആവശ്യം അവര്‍ രക്ഷപ്പെട്ട് നാട്ടില്‍ തിരികെയെത്തണമെന്നാണ്. അതിനായി റമദാനില്‍ എല്ലാവരും പ്രാര്‍ഥിക്കണം. ഒട്ടേറെ പേര്‍ ഈ കാര്യത്തില്‍ ശ്രമം നടത്തുന്നുണ്ട്.
ആരുടെയെങ്കിലും ശ്രമം വിജയിക്കട്ടെ എന്നാണ് പ്രാര്‍ഥന. തന്റെ ശ്രമം വിജയിച്ചാലേ കൂടുതലെന്തെങ്കിലും പറയാനാകൂ’- യൂസഫലി പറഞ്ഞു. റമസാിലെ ഇരുപത്തിയേഴാം രാവില്ഡ മക്ക ഹറാം പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയതായിരുന്നു യൂസഫലി. മോചനത്തിനായുള്ള ദയാധനം സംബന്ധിച്ച് കൊല്ലപ്പെട്ട തലാൽ മുഹമ്മദിന്റെ കുടുംബം തീരുമാനമെടുത്തിട്ടില്ലെന്ന് ഗോത്ര തലവൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം അറിയിച്ചു.
ദയാധനം സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ മോചന നടപടികൾ വൈകിപ്പിക്കാൻ കാരണമായേക്കുമെന്ന് എംബസി ജീവനക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. ദയാധനമായി കൊല്ലപ്പെട്ട തലാൽ മുഹമ്മദിന്റെ കുടുംബം ആവശ്യപ്പെടുന്നത് 50 ദശലക്ഷം യമൻ റിയാൽ ആണെന്ന് യമനീസ് ഉദ്യോഗസ്ഥർ നേരത്തെ ജയിലിൽ എത്തി നിമിഷ പ്രിയയെ അറിയിച്ചിരുന്നു. റംസാൻ കഴിയുന്നതിന് മുമ്പ് തീരുമാനം അറിയിക്കണമെന്നും നിമിഷ പ്രിയയെ അറിയിച്ചിരുന്നു. എന്നാൽ റംസാൻ കഴിയുന്നതിന് മുമ്പ് ദയാധനം സംബന്ധിച്ച ചർച്ചകൾ ആരംഭിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് തലാൽ കൊല്ലപ്പെടുന്നത്.യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.