കേരളം
ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതിക്ക് സാമ്പത്തിക സഹായവുമായി എം.എ യൂസഫലി
83 കോടി ചെലവില്‍ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ആശുപത്രിയും അനുബന്ധസ്ഥാപനങ്ങളും തുടങ്ങാനുള്ള മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ സ്വപ്ന പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. പദ്ധതിയുടെ ലോഗോ പ്രകാശന ചടങ്ങിൽ ഒന്നര കോടി രൂപയുടെ ചെക്ക് മുതുകാടിന് അദ്ദേഹം കൈമാറി. കഴക്കൂട്ടത്തെ ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെത്തിയപ്പോഴാണ് യൂസഫലി പ്രഖ്യാപനം നടത്തിയത്.
‘ഈ സ്ഥാപനത്തിന് ഒന്നര കോടി ഉറുപ്പിക എന്റെ വകയായി അദ്ദേഹത്തിന് നൽകുന്നു. (തുടർന്ന് ചെക്ക് കൈമാറി). കൂടാതെ എല്ലാ കൊല്ലവും ഈ സ്ഥാപനത്തിന് ഒരു കോടി ഉറുപ്പിക ഈ സ്ഥാപനത്തിന് ഞാൻ കൊടുക്കുന്നതാണ്. എന്റെ മരണശേഷവും ഈ തുക സ്ഥാപനത്തിന് കിട്ടത്തക്ക വിധത്തിൽ ഞാൻ എഴുതിവെക്കും’ -എന്നായിരുന്നു യൂസഫലി പറഞ്ഞത്. യൂസഫലിയെ നിറകണ്ണുകളോടെ ചേർത്തുപിടിച്ചാണ് മുതുകാട് ഈ വാക്കുകൾ സ്വീകരിച്ചത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റുമാണ് ഗോപിനാഥ് മുതുകാടിന്‍റെ ലക്ഷ്യം. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികള്‍, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍, തെറാപ്പി സെന്ററുകള്‍, റിസര്‍ച്ച് ലാബുകള്‍, ആശുപത്രി സൗകര്യം, സ്‌പോര്‍ട്‌സ് സെന്റര്‍, വൊക്കേഷണല്‍, കമ്പ്യൂട്ടര്‍ പരിശീലനങ്ങള്‍, ടോയ്‌ലെറ്റുകള്‍ തുടങ്ങിയവ ഈ കേന്ദ്രത്തിലുണ്ടാകും.