കേരളം
സ്വയം വാദിക്കാൻ സിസ്റ്റർ ലൂസി കളപ്പുര; അപൂർവ്വ വാദം ഇന്ന് ഹൈക്കോടതിയിൽ
കേരള ഹൈക്കോടതിയിൽ ഇന്ന് അത്യപൂർവ്വ വാദം. സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അവർ സ്വയം വാദിക്കും. ഹൈക്കോടതിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്. കോൺവൻ്റിൽ നിന്നും പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നൽകി കീഴ്ക്കോടതി നൽകിയ വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസ കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ ഹാജരാവേണ്ടിയിരുന്ന സീനിയർ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സ്വയം വാദിക്കാൻ സിസ്റ്റർ ലൂസി കളപ്പുര തീരുമാനിച്ചത്. സാമ്പത്തിക ബാധ്യതയും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണമായെന്ന് അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിസഹായരായി സ്ത്രീകൾ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണുള്ളത്.
എൻ്റെ കേസടക്കം അതിന് ഉദാഹരണമാണ്. കന്യാസ്ത്രീ എന്ന സംരക്ഷണത്തിൽ നിന്നാണ് സഭാ നേതൃത്വം എന്നെ പുറത്തേക്ക് തള്ളുന്നത്. ഈ വ്യവസ്ഥിതിക്കെതിരെ അതിൻ്റെ ഇര തന്നെ വാദിക്കുകയും കോടതിയിൽ തൻ്റെ നിലപാട് പറയുകയും ചെയ്യുകയാണ്. എൻ്റെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകർ തയ്യാറാവാത്ത ഒരു സാഹചര്യം തന്നെയുണ്ടായി – സിസ്റ്റർ ലൂസി കളപ്പുര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഹൈക്കോടതിയിൽ ലൂസി കളപ്പുര നൽകിയ ഹർജി പ്രകാരം അവർക്ക് സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ലൂസിക്ക് ഇനി മഠത്തിൽ തുടരാനാകുമോ എന്ന സംശയം ഹൈക്കോടതി പ്രകടിപ്പിച്ചിരുന്നു. ഈ പരാമർശം പിൻവലിക്കണമെന്നും ലൂസി കളപ്പുര ആവശ്യപ്പെട്ടിരുന്നു. മഠത്തിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ താൻ സഭയിലും മറ്റൊരു കോടതിയിലും പോരാട്ടം നടത്തുകയാണെന്നും തനിക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കാനാണ് കോടതി ഇടപെടേണ്ടതെന്നും ലൂസി വാദിക്കുന്നു.