കേരളം
ലോകായുക്തയുടേത് ഹൈക്കോടതിയും മുന്‍ കേരളാ ഗവര്‍ണറും തള്ളിയ കേസിലെ വിധി: കെ ടി ജലീല്‍
ലോകായുക്തയുടെത് മുമ്പ് ഹൈക്കോടതിയും മുന്‍ കേരളാ ഗവര്‍ണറും തള്ളിയ കേസിലെ വിധിയെന്ന് മന്ത്രി കെ ടി ജലീല്‍. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. മന്ത്രിയുടെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്.
” ബഹുമാനപ്പെട്ട ഹൈക്കോടതിയും ബഹുമാനപ്പെട്ട മുന്‍ കേരള ഗവര്‍ണറും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോള്‍ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂര്‍ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.” എന്ന് അദ്ദേഹം കുറിച്ചു.
അതേ സമയം ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത. കെടി ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രിയുടെ സ്ഥാനത്ത് തുടരാൻ കെ ടി ജലീലിന് അർഹതയില്ലെന്നും ലോകായുക്ത പറഞ്ഞു. മന്ത്രിയ്ക്കെതിരെ മുഖ്യമന്ത്രി തുടർ നടപടിയെടുക്കണമെന്നും ലോകായുക്തയുടെ റിപ്പോർട്ടിൽ പറയുന്നു.
മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ സംരക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും ധാർമ്മികത ഉണ്ടെങ്കിൽ രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ.ടി ജലീല്‍ എത്രയും വേഗം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗം കാട്ടിയ മന്ത്രി നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയെന്ന് ലോകായുക്ത വിധിയിലൂടെ തെളിഞ്ഞു.