കേരളം
ലോകായുക്ത നിയമഭേദഗതി; സിപിഐയുടെ ബദല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി
ലോകായുക്ത നിയമഭേദഗതിയില്‍ സിപിഐയുടെ ബദല്‍ നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തി. ഔദ്യോഗിക ഭേദഗതിയായി ഉള്‍പ്പെടുത്താന്‍ സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് എതിരായ ഉത്തരവുകളില്‍ നിയമസഭ തീരുമാനമെടുക്കും. മന്ത്രിമാര്‍ക്ക് എതിരെയുള്ള ഉത്തരവുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. എംഎല്‍എമാര്‍ക്ക് എതിരെയുള്ള ഉത്തരവുകളില്‍ സ്പീക്കര്‍ തീരുമാനമെടുക്കും.
സബ്ജക്ട് കമ്മിറ്റിയില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് നാളെ സഭയില്‍ വെയ്ക്കും. ലോകായുക്തയുടെ റിപ്പോര്‍ട്ട് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള ഭേദഗതി ഇന്ന് നിയമസഭയില്‍ നിയമ മന്ത്രി പി രാജീവ് അവതരിപ്പിച്ചിരുന്നു.
ലോകായുക്ത അന്വേഷണ സംവിധാനം മാത്രമാണെന്നും നീതിന്യായ കോടതിയല്ലെന്നും ബില്‍ അവതരിപ്പിച്ച പി രാജീവ് പറഞ്ഞു.
നിലവിലെ നിയമത്തില്‍ ഒരിടത്തും ലോകായുക്തയെ ജ്യൂഡിഷ്യറിയെന്ന് വിവക്ഷിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതിയിലൂടെ ജ്യൂഡീഷ്യറിക്ക് മുകളില്‍ എക്സിക്യൂട്ടീവിന് അധികാരം ലഭിക്കുന്ന അവസ്ഥ സംജാതമാകുമെന്ന് ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ബില്ലിനെ ന്യായീകരിച്ചുള്ള നിയമമന്ത്രിയുടെ പരാമര്‍ശങ്ങളെ സുപ്രീം കോടതി വിധികളും ലോകായുക്ത നിയമത്തിലെ വ്യവസ്ഥകളും അടക്കം ഉദ്ധരിച്ചാണ് പ്രതിപക്ഷ നേതാവ് എതിര്‍ത്തത്
ഒരാള്‍ അയാള്‍ക്കെതിരായ കേസില്‍ വിധി നിര്‍ണയിക്കാനാവില്ലെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. അതിന്റെ ലംഘനമാണ് ദേദഗതി. ലോക്പാല്‍ നിയമത്തിനു വിരുദ്ധമായത് ഭേദഗതിയുണ്ട്. പുതിയ ഭേദഗതിയോടെ പൊതു പ്രവര്‍ത്തകര്‍ക്കെതിരായ കേസുകളൊന്നും നിലനില്‍ക്കില്ലെന്നും സതീശന്‍ പറഞ്ഞു. 22 വര്‍ഷത്തിനു ശേഷം ലോകായുക്തയുടെ പല്ലും നഖവും പറിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. പല്ലും നഖവുമുള്ള നിയമമാണ് നിലവില്‍ കേരളത്തിലെ ലോകായുക്ത നിയമം. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന അഴിമതി നിരോധന നിയമം ഈ ബില്ലോടെ ഇല്ലാതാകുകയാണ്. ഈ നീക്കത്തിനു സിപിഐ വഴങ്ങരുതായിരുന്നു. ഭേദഗതിയില്‍ ഭരണഘടനാ വിരുദ്ധതയും നിയമവിരുദ്ധതയും ഉണ്ടെന്നു വിഡി സതീശന്‍ പറഞ്ഞു.