ആരോഗ്യം
അണ്‍ലോക്ക് കരുതലോടെ; സംസ്‌ഥാനത്തെ ഇളവുകള്‍ ഇന്നറിയാം
ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുമ്പ് മതമേലധ്യക്ഷന്മാര്‍ അടക്കമുള്ളവരുമായി കൂടിയാലോചന. മറ്റു സംസ്‌ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കു പാസ് നിബന്ധന തുടരും.
പൊതുഗതാഗതം പുനരാരംഭിക്കുന്നതില്‍ തീരുമാനം ഉന്നതാധികാര സമിതിയുടെ അഭിപ്രായമറിഞ്ഞ്… എട്ടു മുതല്‍ ലോക്ക്‌ഡൗണിനു പുറത്തേക്കിറങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സംസ്‌ഥാനം കരുതലോടെയേ നീങ്ങൂ. ഇളവുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗത്തിലെ ചര്‍ച്ചയ്‌ക്കു ശേഷം.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പല ഇളവുകളിലും സംസ്‌ഥാനത്തിന് ആശങ്കയുണ്ട്. ആരാധനാലയങ്ങള്‍ എട്ടു മുതല്‍ തുറക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷം നേരത്തേതന്നെ ഇത് ആവശ്യപ്പെട്ടതുമാണ്. എന്നാലും മതമേലധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുള്ളവരുമായി വിശദമായി കൂടിയാലോചിച്ചാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ആരാധനാലയങ്ങള്‍ തുറന്നാല്‍ത്തന്നെ കര്‍ശനമായ നിയന്ത്രണങ്ങളുണ്ടാകും.
കേന്ദ്രം പ്രഖ്യാപിച്ച എല്ലാ മേഖലകളും ഇവിടെ തുറന്നുകൊടുക്കാന്‍ ഇടയില്ല. പാസില്ലാതെയുള്ള അന്തര്‍ സംസ്‌ഥാന യാത്രകളുടെ കാര്യത്തിലാണു വലിയ ആശങ്ക. മറ്റു സംസ്‌ഥാനങ്ങളിലെ രോഗതീവ്ര മേഖലകളില്‍നിന്ന് ആളുകള്‍ ഒഴുകിവരുമ്പോഴുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ആരോഗ്യമേഖലയിലെ വിദഗ്‌ധര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താകും തീരുമാനമെന്നും അന്തര്‍സംസ്‌ഥാന പാസ് തുടരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അന്തര്‍ സംസ്‌ഥാന യാത്ര അനുവദിക്കാമെന്നാണു കേന്ദ്രത്തിന്റെ അറിയിപ്പെങ്കിലും മുന്‍കൂര്‍ അറിയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞേക്കും.
മാളുകളും ഹോട്ടലുകളും തുറക്കുമ്പോഴും ഒരേസമയം എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. റോഡ് യാത്രകളെ സംബന്ധിച്ച് കേന്ദ്ര നിര്‍ദേശങ്ങളില്‍ അവ്യക്‌തതയുള്ളതിനാല്‍ സംസ്‌ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുന്നത് ഉന്നതാധികാര സമിതിയുടെ അഭിപ്രായം അനുസരിച്ച് തീരുമാനിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. സാമൂഹിക അകലം പാലിച്ചുമാത്രമേ യാത്രകള്‍ അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ബസുകള്‍ ഓടിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒട്ടേറെയാണ്.
ഒരാഴ്‌ചയിലേറെയായി രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ അതേപടി സ്വീകരിക്കുന്നതില്‍ കേരളത്തിനു വിമുഖതയുള്ളത്.