കേരളം
സംസ്ഥാനത്തെ പുതിയ ലോക്ക്ഡൗൺ ഇളവുകൾ; ആരോഗ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിക്കും
സംസ്ഥാനത്തെ പുതിയ ലോക്ക്ഡൗൺ ഇളവുകൾ ആരോഗ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിക്കും. ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന രീതിയാണ് മാറുന്നത്.
ടിപിആർ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗണിന് പകരം വാർഡുകളിൽ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി ലോക്ക്ഡൗൺ. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാനും, കടകൾ ബാക്കി എല്ലാ ദിവസവും തുറക്കാനും തീരുമാനമായി. കടകൾ 9 മണി വരെ തുറക്കും. അന്തിമ തീരുമാനം ഇന്ന് നിയമസഭയിൽ പ്രഖ്യാപിക്കും.
ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനം മുഴുവനായി അടച്ചിടുന്ന രീതി മാറുകയാണ്. ഒരു തദ്ദേശ വാർഡിൽ എത്ര രോഗികളെന്നത് കണക്കാക്കി, നിശ്ചിത ശതമാനത്തിന് മുകളിലാണെങ്കിലാകും ഇനിയുള്ള അടച്ചിടൽ. നിയന്ത്രണം മൈക്രോകണ്ടെയിന്മെന്റ് രീതിയിലേക്ക് മാറുന്നു. ഒരു വാർഡിൽ ആയിരം പേരിലെത്ര രോഗികൾ എന്ന രീതിയിൽ കണക്കാക്കാനാണ് ആലോചന. രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിൽ നിലവിൽ ഡി കാറ്റഗറി മേഖലകളിലുള്ളത് പോലെ ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നേക്കും. സംസ്ഥാനത്ത് നിലവിൽ 323 തദ്ദേശ സ്ഥാപനങ്ങൾ ട്രിപ്പിൾ ലോക്കിലാണ്. പുതിയ രീതി വരുന്നതോടെ ട്രിപ്പിൾ ലോക്ക്ഡൗണിലുള്ള സ്ഥലങ്ങളുടെ എണ്ണം നന്നേ കുറയും. പൊതുസ്ഥലങ്ങളിലും, കടകളിലും വാക്സിനെടുത്തവർക്കായിരിക്കും മുൻഗണന.
അതേ സമയം ലോക്ക്ഡൗൺ ഇളവ് ആവശ്യപ്പെട്ടുള്ള സമരം താത്കാലികമായി നിർത്തുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഇളവുകൾ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അറിഞ്ഞ ശേഷം ഭാവി കാര്യം പ്രഖ്യാപിക്കുമെന്നും. വ്യാപാരികളോടുള്ള പൊലീസ് പീഡനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയെ വിദഗ്ധ സമിതി പറ്റിക്കുകയായിരുന്നുവെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധവൻ പറഞ്ഞു.
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ മനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഇതുപ്രകാരം കടകള്‍ക്ക് തിങ്കള്‍ മുതല്‍ ശനി വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. രാത്രി ഒമ്പതുവരെ തുറക്കാനാണ് അനുവാദമുണ്ടാവുക. ടിപിആർ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗണിന് പകരം വാർഡുകളിൽ രോഗികളുടെ എണ്ണം കണക്കാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാനും യോഗം തീരുമാനിച്ചിരുന്നു.