കേരളം
ഹരിതകർമ്മ സേനാംഗങ്ങളായ ശാലിനിയുടെയും സരിതയുടെയും മനസിൻ്റെ നന്മ വിവരിച്ച് തദ്ദേശ മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം വെങ്ങാനൂരിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാലിനിയുടെയും സരിതയുടെയും മനസിൻ്റെ നന്മ വിവരിച്ച് തദ്ദേശ മന്ത്രി എം ബി രാജേഷ്. ജീവിതത്തിലെ വിലമതിക്കാനാകാത്ത സ്വത്തായി റിട്ട. അധ്യാപകൻ കരുതിയിരുന്ന വിവാഹ മോതിരമായിരുന്നു ഇവരുടെ നന്മയിലൂടെ തിരികെ കിട്ടിയത്. ശേഖരിച്ച മാലിന്യം വേർതിരിക്കുന്നതിനിടെയാണ് ഒന്നേകാൽ പവൻ തൂക്കമുള്ള സ്വർണമോതിരം ഹരിതകർമ്മ സേനാംഗമായ ശാലിനിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്നസരിതയെയും കൂട്ടി, ഉടൻ വീട്ടുടമയ്ക്ക് മോതിരം തിരികെ നൽകി. ഭാര്യ മരിച്ചതിന് പിന്നാലെ, അവർ അണിയിച്ച വിവാഹമോതിരവും നഷ്ടപ്പെട്ട ദുഖത്തിലായിരുന്നു റിട്ട. അധ്യാപകൻ വേണുഗോപാലൻ നായർ. ആറ് മാസമായി മോതിരം നഷ്ടപ്പെട്ടിട്ട്. മോതിരം എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയിരിക്കുമ്പോഴാണ് ശാലിനിയും സരിതയും എത്തുന്നത്. ഈ നന്മ ചെയ്ത ശാലിനി തന്റെ ശിഷ്യയാണെന്ന് കൂടി അറിഞ്ഞപ്പോള്‍ വേണുഗോപാലൻ സാറിന്റെ സന്തോഷം പതിന്മടങ്ങായി. ഇരുവരെയും പരിചയപ്പെടുത്താൻ സന്തോഷവും അഭിമാനവുമുണ്ടെന്ന് പറഞ്ഞ മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിക്കാനും മറന്നില്ല.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ശാലിനിയെയും സരിതയെയും പരിചയപ്പെടുത്താൻ സന്തോഷവും അഭിമാനവുമുണ്ട്. വീണ്ടും രണ്ട് ഹരിതകർമ്മ സേനാംഗങ്ങളെയും അവരുടെ നന്മയെയും കുറിച്ചാണ് പറയാനുള്ളത്. ശേഖരിച്ച മാലിന്യം വേർതിരിക്കുന്നതിനിടെയാണ് ഒന്നേകാൽ പവൻ തൂക്കമുള്ള സ്വർണമോതിരം ഹരിതകർമ്മ സേനാംഗമായ ശാലിനിയുടെ ശ്രദ്ധയിൽപ്പെട്ടത്. വാടകവീട്ടിൽ പരിമിതമായ ജീവിതം നയിക്കുന്നയാളാണ് ശാലിനി.
സ്വർണമോതിരം ലഭിച്ചപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല ശാലിനിയ്ക്ക്. ഒപ്പമുണ്ടായിരുന്ന ഹരിതകർമ്മസേനാംഗം സരിതയെയും കൂട്ടി, ഉടൻ വീട്ടുടമയ്ക്ക് മോതിരം തിരികെ നൽകി. ഭാര്യ മരിച്ചതിന് പിന്നാലെ അവർ അണിയിച്ച വിവാഹമോതിരവും നഷ്ടപ്പെട്ട ദുഖത്തിലായിരുന്നു റിട്ട. അധ്യാപകൻ വേണുഗോപാലൻ നായർ. ആറ് മാസമായി മോതിരം നഷ്ടപ്പെട്ടിട്ട്. മോതിരം എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയിരിക്കുമ്പോഴാണ് ശാലിനിയും സരിതയും എത്തുന്നത്. ഈ നന്മ ചെയ്ത ശാലിനി തന്റെ ശിഷ്യയാണെന്ന് കൂടി അറിഞ്ഞപ്പോള്‍ വേണുഗോപാലൻ സാറിന്റെ സന്തോഷം പതിന്മടങ്ങായി. തിരുവനന്തപുരം വെങ്ങാനൂരിലാണ് ഈ സംഭവം. ഹരിതകർമ്മ സേനാംഗങ്ങളായ ശാലിനിയെയും സരിതയെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.
കേരളത്തിന്റെ ശുചിത്വസൈന്യമായ ഹരിതകർമ്മ സേന, സത്യസന്ധത കൊണ്ട് വീണ്ടുംവീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. ഇത്തരത്തിൽ ഹൃദയപൂർവമായ ഇടപെടൽ നടത്തിയ നിരവധി പേരെ ഞാൻ തന്നെ ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഹരിതകർമ്മ സേനയുടെ ഈ നന്മയെ, നാടിന്റെ രക്ഷയ്ക്കായി അവർ നടത്തുന്ന ഇടപെടലുകളെ നമുക്ക് ഹൃദയപൂർവം പിന്തുണയ്ക്കാം. ശാലിനിക്കും സരിതയ്ക്കും ഒരിക്കൽക്കൂടി സ്നേഹാശംസകൾ.