കേരളം
തദ്ദേശ തിരഞ്ഞെടുപ്പ്: പത്രികയിലെ നിസ്സാര തെറ്റുകൾ അവഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
നാമനിർദേശ പത്രികയിലെ നിസ്സാര തെറ്റുകൾ അവഗണിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ.
വോട്ടർപട്ടികയിലെ പാർട്ട് നമ്പർ, ക്രമ നമ്പർ, സ്ഥാനാർഥിയുടെ പേര്, വയസ്സ് എന്നിവയിലെ ചെറിയ പിശകുകൾ അവഗണിക്കണം.
ഒരു സ്ഥാനാർഥിയുടെ നാമനിർദേശപത്രിക സാധുവാണെന്ന് കണ്ടാൽ അയാളുടെ മറ്റ് നാമനിർദേശ പത്രികകൾ സൂക്ഷ്മപരിശോധന നടത്താതെ വിടാൻ പാടില്ല.
ഒരു സ്ഥാനാർഥി സമർപ്പിച്ച എല്ലാ നാമനിർദേശ പത്രികകളും തള്ളുകയാണെങ്കിൽ കാരണങ്ങൾ ഉടൻ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകും.
തള്ളിയ പത്രികകളെ സംബന്ധിച്ച് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്ഥാനാർഥി ആവശ്യപ്പെട്ടാൽ നൽകണം.
പത്രിക സ്വീകരിക്കാനിടയായ കാരണങ്ങൾ വരണാധികാരി വ്യക്തമാക്കണമെന്നില്ല. എന്നാൽ, ആക്ഷേപം നിരസിച്ചുകൊണ്ട് പത്രിക സ്വീകരിച്ചാൽ അക്കാര്യം വ്യക്തമാക്കണം.